സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന്; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സ്ത്രീധന പീഡന പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിനി ഡോക്ടര്‍ ഇന്ദിര രാജന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്

Update: 2021-07-09 14:30 GMT

കൊച്ചി: സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി.വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.സ്ത്രീധന പീഡന പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിനി ഡോക്ടര്‍ ഇന്ദിര രാജന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.ഡൗറി പ്രോഹിബിഷന്‍ ഓഫിസര്‍മാരെ നിയമിക്കുക, ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷന്‍ നടത്താവുവെന്നും സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു.

സ്ത്രീധന നിരോധന നിയമം ലംഘിച്ചു സ്ത്രീധനം വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള ചുമതല ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാര്‍ക്കു നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. വിവാഹ സമയത്തു നല്‍കുന്ന സമ്മാനങ്ങള്‍ സംബന്ധിച്ചു വിവരം ഓഫിസര്‍ ശേഖരിക്കണം. സ്ത്രീധന മരണങ്ങളിലെ ഇരയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്നതനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു.

സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നു സ്ത്രീധനത്തെ ഒഴിവാക്കുന്നതിനു പര്യാപ്തമായ വിദ്യാഭ്യാസ സമ്പ്രദായം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. സ്ത്രീധനവുമായി ബന്ധപ്പട്ടു സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങളില്‍ ഏറേ മനസിലാക്കിയ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നു ഹരജിക്കാരി വ്യക്തമാക്കി. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും സംവിധാനങ്ങള്‍ക്കും സ്ത്രീധനം ചോദിച്ചുള്ള ക്രൂരതകളെ തടയുന്നതിനു കഴിഞ്ഞിട്ടില്ല. സങ്കല്‍പ്പിക്കാനാവാത്ത മാനസിക-ശാരീരിക ക്രൂരപീഡനങ്ങളാണ് സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News