മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം: എട്ടുപേര്‍ പിടിയില്‍
15 അംഗ മയക്കുമരുന്ന് മാഫിയാ സംഘം കോവളം സമീപ പ്രദേശങ്ങളായ വെള്ളാര്‍, വാഴമുട്ടം, കെഎസ് റോഡ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത്.
തിരുവനന്തപുരം: കോവളത്ത് മാരകായുധങ്ങളുമായി മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ മയക്കുമരുന്ന് മാഫിയാ സംഘം കോവളം സമീപ പ്രദേശങ്ങളായ വെള്ളാര്‍, വാഴമുട്ടം, കെഎസ് റോഡ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത്. അക്രമി സംഘത്തിലെ എട്ടുപേരെ നാട്ടുകാരും പോലിസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പിടികൂടി. സംഘത്തിലെ അനിക്കുട്ടന്‍, വിഷ്ണു പ്രകാശ്, ഉണ്ണിക്കുട്ടന്‍, കാട്ടില്ലാക്കണ്ണന്‍, അണ്ണിത്തലയന്‍ എന്നു വിളിക്കുന്ന മനു, സുമേഷ്, ഡമര്‍ എന്നു വിളിക്കുന്ന വിഷ്ണു, അജിത് എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ വിവിധ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കറങ്ങിനടന്ന സംഘമാണ് പുലര്‍ച്ചയോടെ ആക്രമണം അഴിച്ചുവിട്ടത്. ആക്രണമത്തില്‍ നിരവധി വാഹനങ്ങളും രണ്ട് വീടുകളും തകര്‍ന്നു. വെള്ളാര്‍ വാഴമുട്ടത്തും കല്ലടിച്ചാംമൂലയിലും മലയ്തടത്തിലുമാണ് സംഘം ആക്രമണം നടത്തിയത്. വാഴമുട്ടത്ത് ഒതുക്കിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ സംഘം അടിച്ചുതകര്‍ത്തു. രണ്ട് വീടുകള്‍ അടിച്ചുതകര്‍ത്തു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും ഒരുകാറും അടിച്ചു പൊട്ടിച്ചു. നാട്ടുകാരില്‍ ചിലര്‍ കോവളം പോലിസിനെ വിവരം അറിയിച്ചു. കോവളം സിഐയുടെ നേതൃത്വത്തില്‍ സര്‍വ്വസന്നാഹങ്ങളുമായെത്തിയ പോലിസ് നാട്ടുകാരുടെ സഹായത്തോടെ മയക്കുമരുന്ന് സംഘത്തിലെ എട്ടുപേരെ പിടികൂടുകയായിരുന്നു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.