വൈദ്യ പരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി ചാടിപ്പോയി
മണ്ണാർക്കാട്ടെ കടയിൽ നിന്ന് മൊബൈൽ ഫോണും പണവും കവർന്ന സംഭവത്തിൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജിന്റോയെ കസ്റ്റഡിയിലെടുത്തത്
മണ്ണാർക്കാട്: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി. മണ്ണാർക്കാട് കൈതച്ചിറ സ്വദേശി ജിന്റോയാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കിടെ പോലിസിനെ വെട്ടിച്ച് ചാടിപ്പോയത്.
വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. മണ്ണാർക്കാട്ടെ കടയിൽ നിന്ന് മൊബൈൽ ഫോണും പണവും കവർന്ന സംഭവത്തിൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജിന്റോയെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ജിന്റോയുടെ ഒരു കയ്യിൽ നിന്നും വിലങ്ങ് അഴിച്ചു മാറ്റിയിരുന്നു. മറ്റേ കയ്യിലെ വിലങ്ങുമായാണ് ഇറങ്ങിയോടിയത്. സംഭവത്തിനു ശേഷം വ്യാപകമായ തിരച്ചിൽ നടത്തിയെന്ന് പോലിസ് പറയുന്നു.
പ്രതിയെ കൈതച്ചിറ ഭാഗത്ത് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലിസ് പ്രദേശത്ത് രാത്രി വൈകിയും തിരച്ചിൽ തുടർന്നു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പോലിസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.