സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു; കൊച്ചി ഓഫിസില്‍ ഇന്നും ഹാജരായി

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ഇന്ന് രാവിലെ വീണ്ടും ഹാജരായി.ഇന്നലെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന നിര്‍ദേശത്തോടെ രവീന്ദ്രനെ ഇ ഡി വിട്ടയച്ചിരുന്നു.രാവിലെ 10.30 മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രി 11.15 ഓടെയാണ് പൂര്‍ത്തിയായത്

Update: 2020-12-18 05:12 GMT
സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു; കൊച്ചി ഓഫിസില്‍ ഇന്നും ഹാജരായി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു.രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ഇന്ന് രാവിലെ വീണ്ടും ഹാജരായി.ഇന്നലെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന നിര്‍ദേശത്തോടെ രവീന്ദ്രനെ ഇ ഡി വിട്ടയച്ചിരുന്നു.രാവിലെ 10.30 മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രി 11.15 ഓടെയാണ് പൂര്‍ത്തിയായത്.ഇതിനിടയില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും രവീന്ദ്രനെ ഇ ഡി അനുവദിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നാലു തവണ ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയതിനു ശേഷമാണ് രവീന്ദ്രന്‍ ഇന്നലെ ഇ ഡി ക്കുമുന്നില്‍ ഹാജരായത്. ഇതിനിടയില്‍ ഇ ഡി ക്കെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.ഇ ഡി തന്നെ നോട്ടീസ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്നും ഇ ഡി യുടെ ഒരു കേസിലും പ്രതിയല്ലാത്ത തന്നെ ഏതു കേസില്‍ ചോദ്യം ചെയ്യാനാണ് വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപച്ചത്. എന്നാല്‍ രവീന്ദ്രന്‍ നിയമത്തിനു മുന്നില്‍ നിന്നു ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നു ഇ ഡി കോടതിയില്‍ ബോധിപ്പിച്ചു. പല തവണ നോട്ടിസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഹാജരാവാന്‍ തയ്യാറായില്ലെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.ഹരജിയില്‍ വാദം കേട്ട കോടതി ഇന്നലെ വിധി പറയാനിരിക്കെ അതിനു മുമ്പു തന്നെ രവീന്ദ്രന്‍ ഇ ഡിക്കു മുന്നില്‍ ഹാജരാകുകയായിരുന്നു.

രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി നല്‍കുന്ന നോട്ടിസ് ചോദ്യം ചെയ്തു സമര്‍പ്പിക്കുന്ന ഹരജി നിലനില്‍ക്കുന്നതല്ലെന്ന ഇ ഡിയുടെ വാദം അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. ചോദ്യം ചെയ്യലില്‍ അഭിഭാഷകനെ അനുവദിക്കണമെന്നു നിര്‍ദ്ദേശിക്കണമെന്ന രവീന്ദ്രന്റെ ആവശ്യവും കോടതി അനുവദിച്ചില്ല.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റു ചെയ്തിരുന്ന.ശിവശങ്കറുമായി രവീന്ദ്രന് അടുത്ത ബന്ധമുള്ളതായി ഇ ഡി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇ ഡി രവീന്ദ്രന്റെ സ്വത്തു വിവരങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു.

Tags:    

Similar News