കിഫ്ബിക്കെതിരെ ഇ ഡി കേസെടുത്തു; സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും ഹാജരാവാന്‍ നോട്ടീസ്

വിദേശ നാണയ വിനിമയ ചട്ട നിയമം ലംഘിച്ച് മസാല ബോണ്ടിലൂടെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ഇത് സംബന്ധിച്ച് സിഎജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി പ്രാഥമിക അന്വേഷണം നടത്തി. കിഫ്ബിയില്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം

Update: 2021-03-02 15:59 GMT

കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെതിരെ(കിഫ്ബി) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും ഹാജരാവാന്‍ നോട്ടീസ് നല്‍കി. വിദേശ നാണയ വിനിമയ ചട്ട നിയമം ലംഘിച്ച് മസാല ബോണ്ടിലൂടെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.

ഇത് സംബന്ധിച്ച് സിഎജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി പ്രാഥമിക അന്വേഷണം നടത്തി. കിഫ്ബിയില്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങളും ഇ ഡി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ ഡി കടന്നിരിക്കുന്നത്.

ഏതാനും ദിവസം കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.കിഫ്ബി മരണക്കെണിയാണെന്നും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചിരുന്നു

Tags:    

Similar News