സാമ്പത്തിക സംവരണം: എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്
ഫെബ്രുവരി 5ന് സെക്രട്ടറിയേറ്റിനു ചുറ്റും സംവരണ മതില്‍ തീര്‍ക്കും
കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരേ എസ്ഡിപിഐ ശക്തമാ പ്രക്ഷോഭം നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ച് അവര്‍ണ ജനതയെ വഞ്ചിച്ച സംസ്ഥാനത്തെ എംപിമാരുടെ ഓഫിസുകളിലേക്ക് ജനുവരി 17ന് ജനകീയ മാര്‍ച്ച് നടത്തും. ഫെബ്രുവരി 5ന് രാവിലെ 10ന് സെക്രട്ടറേിയറ്റിനു ചുറ്റും സംവരണ സമുദായങ്ങള്‍ മതില്‍ തീര്‍ക്കും. സംവരണ മതിലിന്റെ പ്രചാരണാര്‍ഥം സംസ്ഥാനവ്യാപകമായി ജനുവരി 25 മുതല്‍ 31 വരെ മണ്ഡലംതല വാഹനപ്രചാരണ ജാഥയും ഗൃഹസമ്പര്‍ക്ക കാംപയിനും നടത്തും. നരേന്ദ്ര മോദി ലക്ഷ്യംവയ്ക്കുന്ന സാമൂഹിക വിഭജന അജണ്ടയെയും അതിന് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയകക്ഷികളെയും ചെറുത്തുതോല്‍പിക്കാന്‍ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ പൗരന്‍മാരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെയും അതിന് പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും നടപടി ഭരണഘടനയുടെ അന്തസത്തയെ തന്നെ തകര്‍ക്കുന്നതും അവര്‍ണ ജനതയോടുള്ള വഞ്ചനയുമാണ്. സാമൂഹിക നീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം പിന്‍വലിക്കുക, അവര്‍ണ ഭൂരിപക്ഷത്തെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയുക, സാമൂഹിക നീതിയ്ക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം നടത്തുക. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുഖ്യധാരയിലും അധികാരവ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തല്‍ നടപടിയാണത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സാമൂഹിക അസമത്വം ബോധ്യപ്പെട്ടതിന്റെയടിസ്ഥാനത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം 1993 മുതലാണ് കേന്ദ്രസര്‍വീസില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
മുന്നാക്കജാതിയില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനായി തോത് നിശ്ചയിച്ചതിന്റെ യുക്തി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഒബിസി വിഭാഗം 55 ശതമാനമാണ്. പട്ടികജാതി-വര്‍ഗവിഭാഗക്കാര്‍ 25 ശതമാനത്തോളം വരും. മൊത്തത്തില്‍ പട്ടിക, പിന്നാക്കവിഭാഗങ്ങള്‍ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. ജനസംഖ്യയുടെ 20 ശതമാനം മാത്രം വരുന്ന മുന്നാക്കസമുദായങ്ങളാണ് അധികാരത്തിന്റെ 80 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത്. അവര്‍ക്കാണ് വീണ്ടും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത്. സാമ്പത്തിക സംവരണത്തിന് നിശ്ചയിച്ച വാര്‍ഷിക വരുമാനം എട്ടുലക്ഷം, അഞ്ചേക്കറില്‍ താഴെ ഭൂമി, ആയിരം ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള വീട് തുടങ്ങിയ മാനദണ്ഡപ്രകാരം 80 ശതമാനം മുന്നാക്കക്കാരും സംവരണ പരിധിയില്‍ വരും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണഘടനാവകാശം സംരക്ഷിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പര്യമില്ല. സംവരണം നടപ്പാക്കിയിട്ടും നാളിതുവരെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പിന്നാക്ക സംവരണം 1993ല്‍ ഏര്‍പ്പെടുത്തി 25 വര്‍ഷത്തിനുശേഷവും ഒബിസി പ്രാതിനിധ്യം കേന്ദ്ര ഉദ്യോഗ മേഖലയില്‍ കേവലം 6.9 ശതമാനം മാത്രമാണ്. കേരളത്തിലും പിന്നാക്കസമുദായാംഗങ്ങള്‍ക്ക് സംവരണത്തിലൂടെ നീക്കിവച്ച തസ്്തികകളില്‍ പൂര്‍ണമായും എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് 2002ല്‍ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അവര്‍ണന് അധികാരം നഷേധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ ഒരു പടി മുന്നിലാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍. സാമൂഹിക നീതി നിഷേധത്തിന് കുടപിടിക്കുന്ന തരത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്കുള്ള(കെഎഎസ്) പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അധികാരഘടനയില്‍നിന്ന് ദലിത്, മുസ്‌ലിം, പിന്നാക്ക സമൂഹങ്ങളെ പരമാവധി മാറ്റിനിര്‍ത്താനുള്ള ചട്ടങ്ങളാണ് വരാന്‍ പോവുന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട്, പാലൊളി കമ്മീഷന്‍ റിപോര്‍ട്ട് തുടങ്ങിയവയൊന്നും നടപ്പാക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി പി മൊയ്തീന്‍കുഞ്ഞ് പങ്കെടുത്തു.