അഴിയൂരില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കെഎസ്ഇബി അധികൃതരുടെ കുറ്റകരമായ അനാസ്ഥ
വൈദ്യുതി ലൈന്‍ പൊട്ടിവീണ വിവരം അപകടം നടക്കുന്നതിന്റെ ഒരുമണിക്കൂര്‍ മുമ്പും വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയില്ല.
പി സി അബ്ദുല്ല
വടകര: അഴിയൂരില്‍ നാടിനെ ദു:ഖത്തിലാഴ്ത്തി ഇന്നലെ രണ്ടുപേര്‍ ഷോക്കേറ്റു മരിക്കാനിടയാക്കിയത് അധികൃതരുടെ കുറ്റകരമായ വീഴ്ച. വൈദ്യുതി ലൈന്‍ പൊട്ടിവീണ വിവരം അപകടം നടക്കുന്നതിന്റെ ഒരുമണിക്കൂര്‍ മുമ്പും വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയില്ല. അഴിയൂര്‍ ചുങ്കം ബീച്ചില്‍ കീരിത്തോടിന് സമീപത്താണ് അയവാസികളായ വിദ്യാര്‍ഥിയും യുവാവും ഷോക്കേറ്റു മരിച്ചത്. അഴിയൂര്‍ ചുങ്കത്തെ നെല്ലോളി മഹമൂദ്- റാബിയ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഇര്‍ഫാന്‍.
സഹോദരങ്ങള്‍: നവാസ്, സജ്‌ന, താഹിറ. അഴിയൂരിലെ തെക്കേ മരന്നറക്കല്‍ സലീമിന്റെ മകനാണ് സഹല്‍. മാതാവ് സുമയ്യ. സഹോദരന്‍: സുഹൈല്‍. വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റു ഷഹല്‍ പിടയുന്നത് കണ്ട് രക്ഷപ്പെടുത്താനെത്തിയ ഇര്‍ഫാനും ഷോക്കേല്‍ക്കുകയായിരുന്നു. അപകടത്തിന് ഒരുമണിക്കൂര്‍ മുമ്പ് വൈദ്യുതി ലൈന്‍ പൊട്ടിവീണ വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നു. കാലത്ത് 8.22ന് പ്രദേശവാസിയായ സലിം എന്നയാളുടെ 9633760659 എന്ന നമ്പറില്‍നിന്നും കെഎസ്ഇബി അഴിയൂര്‍ സെക്ഷന്‍ ഓഫിസ് നമ്പറായ 0496- 2504400 എന്നതിലേക്കാണ് വിവരം പറഞ്ഞ് ഫോണ്‍ ചെയ്തത്.
തലേ ദിവസം രാത്രിയും വീട്ടുകാര്‍ വിവരം നല്‍കിയിരുന്നു. എന്നിട്ടും സ്ഥലം സന്ദര്‍ശിക്കുകയോ പ്രദേശത്തെ ലൈന്‍ ഓഫ് ചെയ്യാനോ അധികൃതര്‍ തയ്യാറായില്ല. സംഭവത്തില്‍ കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരവീഴ്ച സംഭവിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം സാലിം അഴിയൂര്‍ ആവശ്യപ്പെട്ടു. വൈദ്യുതി സെക്ഷന്‍ ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി.