ഇരട്ട ഗര്‍ഭസ്ഥശിശുക്കളുടെ മരണം: മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ കേസെടുത്തു
കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സുപ്രണ്ട്, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേ നരഹത്യയ്ക്കു കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ ഏഴിനു പിതാവ് എന്‍ സി മുഹമ്മദ് ഷെരീഫ് മലപ്പുറം ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നും പൂര്‍ണഗര്‍ഭിണിയായ യുവതിയ്ക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സുപ്രണ്ട്, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേ നരഹത്യയ്ക്കു കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ ഏഴിനു പിതാവ് എന്‍ സി മുഹമ്മദ് ഷെരീഫ് മലപ്പുറം ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.
പരാതി നല്‍കി രണ്ടുമാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 22ന് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതെത്തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്. എസ്പി യു അബ്ദുല്‍ കരിം നേരിട്ടെത്തി ചര്‍ച്ച നടത്തി. പിന്നീടാണ് മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ കേസെടുത്തത്. മലപ്പുറം ഡിവൈഎസ്പി പി ഹരിദാസിനാണ് അന്വേഷണച്ചുമതല.
സപ്തംബര്‍ 27നാണ് ഇരട്ട കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവമുണ്ടായത്. പ്രസവവേദനയുണ്ടെന്ന് അറിയിച്ചിട്ടും ചികില്‍സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവം നടന്ന് മൂന്നുമാസത്തോളമായിട്ടും ആരോഗ്യ വകുപ്പ് അധികൃതരില്‍നിന്ന് കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടായിട്ടില്ല. ഇതെത്തുടര്‍ന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ കെ ശ്രീവാസ്തവ സംസ്ഥാന ഡിഎംഇക്കും ആരോഗ്യകുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കത്തയച്ചിരുന്നു. വനിതാ കമ്മീഷന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
അതേസമയം, ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുഞ്ഞുങ്ങളുടെ മാതാപിതാക്കളില്‍നിന്നും മൊഴി രേഖപ്പെടുത്തി. മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇസ്മാഈല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.മിനി എന്നിവരുടെ നേതൃത്വത്തിലാണ് വിവരങ്ങള്‍ തേടിയത്.
ഡിസംബര്‍ 22ന് രാവിലെ 11 മുതല്‍ മലപ്പുറം ഡിഎംഒ ഓഫിസില്‍ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് 1.15 വരെ നീണ്ടു. ഗര്‍ഭിണിയുടെ ചികില്‍സാ വിവരങ്ങളും നിര്‍ബന്ധപൂര്‍വം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മടക്കി വിട്ടതിന്റെ രേഖകളും അന്വേഷണ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതിന് ഉത്തരവിട്ടിരുന്നു. ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി മനുവാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നത്.