മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്മാറാതെ വൈദികര്‍ ; പള്ളികളില്‍ നാളെ പ്രമേയം അവതരിപ്പിക്കും

അതിരൂപതയക്ക് സ്വതന്ത്ര സ്വഭാവമുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ്് വേണം. ഭൂമി വില്‍പന വിവാദത്തില്‍ പഴയ സാഹചര്യം മാറാത്ത സാഹചര്യത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും ചുമതല തിരിച്ചു നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ല.സഹായമെത്രന്മാരെ പുറത്താക്കിയ നടപടി പുന പരിശോധിക്കണം.ഇഞ്ചോടി കമ്മീഷന്‍ റിപോര്‍ടും കെപിഎംജി റിപോര്‍ടും പരസ്യപെടുത്തണം

Update: 2019-07-06 06:59 GMT
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്മാറാതെ വൈദികര്‍ ;  പള്ളികളില്‍ നാളെ പ്രമേയം അവതരിപ്പിക്കും

കൊച്ചി: ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചുമതല തിരിച്ചു നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാക്കി വൈദികര്‍.അതിരൂപതയക്ക് സ്വതന്ത്ര സ്വഭാവമുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രമേയം നാളെ അതിരൂപതയിലെ പള്ളികളില്‍ അവതരിപ്പിക്കും. വിശ്വാസികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ അടങ്ങുന്ന പള്ളികളിലെ ഭരണസമിതിയായ പാരിഷ് കൗണ്‍സിലിലാണ് പ്രമേയം അവതരിപ്പിക്കുന്നത്.ഇടവക വികാരിയാണ് ഇതില്‍ അധ്യക്ഷത വഹിക്കുന്നത്.അതിരൂപതയില്‍ ഏകദേശം 300 ലധികളം പള്ളികള്‍ ഉണ്ട്. ഇതില്‍ പകുതിയില്‍ അധികം പള്ളികളിലും സഭാദിനമായി ആചരിച്ച ജൂലൈ മൂന്നിന് പ്രമേയം അവതരിപ്പിച്ചിരുന്നു. ബാക്കിയുള്ള പള്ളികളിലാണ് നാളെ പ്രമേയം അവതരിപ്പിക്കുന്നത്.ഭൂമി വില്‍പന വിവാദത്തില്‍ പഴയ അവസ്ഥ മാറാത്ത സാഹചര്യത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും ചുമതല തിരിച്ചു നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അതിരൂപതയിലെ നല്ലൊരു വിഭാഗം വൈദികരും.

അദ്ദേഹത്തെ ആത്മീയ തലവനായി അംഗീകരിക്കാന്‍ സാധിക്കില്ല.എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര സ്വഭാവമുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണം. ഇത് തങ്ങളെ അറിയാവുന്നതും തങ്ങള്‍ക്കറിയാവുന്നതുമായ വ്യക്തിയായിരിക്കണം.മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ അതിരൂപതയുടെ സഹായമെത്രാന്‍ പദവിയില്‍ നിന്നും പുറത്താക്കിയതും അംഗീകരിക്കാന്‍ കഴിയില്ല. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും കാരണം പോലും കാണിക്കാതെയും അവരോട് യാതൊരു വിശദീകരണം തേടാതെയും സസ്‌പെന്റു ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.ഇവര്‍ക്ക് നീതി കൊടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയോഗിച്ച ഡോ,ജോസഫ് ഇഞ്ചോടി കമ്മീഷന്‍ റിപോര്‍ടും കെപിഎംജി റിപോര്‍ടും പരസ്യപെടുത്തി വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും ഇടയില്‍ നില നില്‍ക്കുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും വൈദികര്‍ യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.പള്ളികളില്‍ പാസാക്കിയതിനു ശേഷം ഈ പ്രമേയം മാര്‍പാപ്പ,ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍,കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സി ബിസി ഐ),കേരള കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ്(കെസിബിസി) എന്നിവര്‍ക്ക് അയച്ചു നല്‍കുമെന്നും കര്‍ദിനാള്‍ വിരുദ്ധ പക്ഷ വൈദികര്‍ പറയുന്നു. അതേ സമയം കര്‍ദിനാള്‍ അനൂകൂല വൈദികര്‍ നേതൃത്വം നല്‍കുന്ന പള്ളികളില്‍ ഈ പ്രമേയം ഇന്ന് അവതരിപ്പിക്കില്ലെന്ന വിവരാണ് ലഭിക്കുന്നത്.

Tags:    

Similar News