എറണാകുളം -അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി രൂക്ഷം;പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്ന് വൈദികര്‍

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളിലെ ധാര്‍മിക അപചയത്തിന് യാതൊരു വിശദീകരണവും നല്‍കാതെ വീണ്ടും കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തി.സത്യത്തിന്റെയും ധാര്‍മികതയുടെയും കാര്യണ്യത്തിന്റെയും കൃപയില്‍ പരിഹരിച്ചിട്ടില്ലെങ്കില്‍ വിശ്വാസ സമൂഹത്തിന് സഭയിലും സഭാധികാരികളോടുമുള്ള വിശ്വാസത്തിന് കോട്ടം തട്ടും

Update: 2019-07-02 18:06 GMT

കൊച്ചി:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരികെ നല്‍കിയ വത്തിക്കാന്‍ നിലപാടിനെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്.എറണകുളം-അങ്കമാലി അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്നും ആത് തങ്ങളെ അറിയുന്നവരും തങ്ങള്‍ക്കറിയാവുന്നവരും ആയിരിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ഒരു വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളിലെ ധാര്‍മിക അപചയത്തിന് യാതൊരു വിശദീകരണവും നല്‍കാതെ വീണ്ടും കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തി.ഇത് സത്യത്തിന്റെയും ധാര്‍മികതയുടെയും കാര്യണ്യത്തിന്റെയും കൃപയില്‍ പരിഹരിക്കണം.അല്ലാത്ത പക്ഷം വിശ്വാസ സമൂഹത്തിന് സഭയിലും സഭാധികാരികളോടുമുള്ള വിശ്വാസത്തിന് കോട്ടം തട്ടും.

ഒരു വര്‍ഷം മുമ്പ് ഭൂമിയിടപാടില്‍ കാനോനിക-സിവില്‍ നിയമ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ അതിരൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ നിന്നും നീക്കം ചെയ്ത അധ്യക്ഷനെ അതേ സാഹചര്യം ഗൗരവമായി നിലനില്‍ക്കേ തല്‍സ്ഥാനത്ത് തിരികെ എത്തിച്ച നടപടിയുടെ ധാര്‍മികതയെക്കുറിച്ച് സാധാരണ വിശ്വാസികള്‍ക്ക് പോലും സംശയമുണ്ട്.ഇത് ദുരീകരിക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് എത്രയും വേഗം നടപടിയെടുക്കണം. അപ്‌സതോലിക് അഡ്മിനിസട്രേറ്റര്‍ നിയോഗിച്ച ജോസഫ് ഇഞ്ചോടി കമ്മീഷന്‍ റിപോര്‍ടും കെപിഎംജി റിപോര്‍ടും പരസ്യപ്പെടുത്തി സംശയങ്ങള്‍ക്ക് ഉത്തരം നല്‍കണം. മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെയും മാര്‍ ജോസഫ് പുത്തന്‍ വീട്ടിലിനെയും കാരണം പോലും കാണിക്കാതെ ആര്‍ച് ബിഷപ് ഹൗസില്‍ നിന്നും പുറത്താക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്.എറണാകുളം-അങ്കമാലി അതിരൂപതയെ വെട്ടിമുറിച്ച് മൂന്നു രൂപതയാക്കാനുള്ള ഗൂഡനീക്കം അ നുവദിക്കില്ലെന്നും വൈദികരുടെ യോഗം മുന്നറിയിപ്പു നല്‍കി.

അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളില്‍ വന്ന കെടുകാര്യസ്ഥതയിലും അതിന്റെ ധാര്‍മിക അപജയത്തിന്റെയും കാരണങ്ങള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അതിരൂപത അധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിക്കുന്ന കല്‍പനങ്ങളും നിര്‍ദേശങ്ങളും ഇടയലേഖനങ്ങളും വായിക്കുമ്പോള്‍ മനസാക്ഷി പ്രശ്‌നം ഉണ്ടാകും.വിവാദ കേസിന്റെ മറവിലോ മറ്റേതെങ്കിലും കാരണത്താലോ തങ്ങളുടെ സഹായമെത്രാന്മാരെയോ വൈദികരെയോ അല്‍മായരെയോ കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ സമരവുമായി തെരുവിലിറങ്ങുമെന്നും വൈദികരുടെ യോഗം മുന്നറിയിപ്പു നല്‍കി 

Tags:    

Similar News