മോഫിയ പര്‍വ്വീണിന്റെ ആത്മഹത്യ: സമരം ചെയ്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച് റിപോര്‍ട്ട്; കേരള പോലിസ് യു പി പോലിസിനു പഠിക്കുന്നുവെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

യുപിയില്‍ യോഗിയുടെ പോലിസ് നടത്തുന്ന സമാനമായ പ്രവര്‍ത്തിയാണ് കേരള പോലിസും നടത്തുന്നത്.കേരള പോലിസ് യുപി പോലിസിനു പഠിക്കുകയാണോയെന്ന് സംശയിക്കുന്നതായും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി

Update: 2021-12-11 12:50 GMT

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീഴ്ച വരുത്തിയ സി ഐ സുധീറിനെതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് കോടതിയില്‍ റിമാന്‍ഡ് റിപോര്‍ട്ട് നല്‍കിയ പോലിസിനെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്  മുഖ്യമന്ത്രിക്ക്കത്ത് അയച്ചു.

യുപിയില്‍ യോഗിയുടെ പോലിസ് നടത്തുന്ന സമാനമായ പ്രവര്‍ത്തിയാണ് കേരള പോലിസും നടത്തുന്നത്.കേരള പോലിസ് യുപി പോലിസിനു പഠിക്കുകയാണോയെന്ന് സംശയിക്കുന്നതായും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി.കേരള പോലിസില്‍ ആര്‍എസ്എസിന്റെ കടന്നു കയറ്റമുണ്ടായിട്ടുണ്ടന്ന് സിപി ഐ നേതാക്കളായ ആനി രാജയും ഡി രാജയും ആക്ഷേപം ഉന്നയിച്ചിരുന്നു.പോലിസ് ഇപ്പോള്‍ നടത്തിയിരിക്കുന്ന നടപടി കാണുമ്പോള്‍ ഈ ആക്ഷേപം ശക്തമായിരിക്കുകയാണ്.കേരള സമൂഹം പോലിസിന്റെ ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടികളെ അംഗീകരിക്കില്ലെന്നും ഇതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി.

പോലിസ് നടപടിയില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും റിമാന്റ് റിപോര്‍ട്ടിലെ തീവ്രവാദ പരാമര്‍ശം നീക്കാന്‍ നടപടി വേണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.സത്യസന്ധമായി നീതിക്കൂവേണ്ടി ജനകീയ സമരം നടത്തുന്ന ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകനെയും തീവ്രവാദിയാക്കുന്ന കേരള പോലിസിന്റെ നടപടി ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

മോഫിയ പര്‍വ്വീണിന് നീതി തേടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്.ജനീകയ സമരത്തില്‍ പങ്കാളികളായ കെഎസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്,കോണ്‍ഗ്രസ് നേതാക്കളായ നജീബ്,അനസ് എന്നിവരെ അര്‍ധ രാത്രി ഒന്നരയോടെ പിടികിട്ടാപ്പുള്ളികളെപ്പോലെ വീടു വളഞ്ഞാണ് അറസ്റ്റു ചെയ്തതെന്ന് അന്‍വര്‍ സാദത്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.കോടതിയില്‍ നല്‍കിയ റിമാന്റ് റിപോര്‍ട്ടില്‍ ഇവര്‍ക്കെതിരെ തീവ്രവാദ ബന്ധവും പോലിസ് ആരോപിച്ചു.

ഇവരാരും തീവ്രവാദികളോ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോ അല്ല.കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അവഹേളിക്കന്നതിനാണ് ഇത്തരത്തില്‍ പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയതെന്നും ഇത് സര്‍ക്കാരിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News