ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ:സി ഐ യെ സസ്‌പെന്റു ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ; ഇന്ന് മഹിളാ കോണ്‍ഗ്രസിന്റെ എസ് പി ഓഫിസ് മാര്‍ച്ച്

സി ഐ സുധീറിനെ സസ്‌പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി, എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലിസ് സ്‌റ്റേഷനു മുന്നില്‍ കഴിഞ്ഞ രണ്ടു ദിവസമായി കുത്തിയിരിപ്പ് സമരം തുടരുകയാണ്.ആരോപണ വിധേയനായ സി ഐ സുധീറിനെ പോലിസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും സസ്‌പെന്‍ഷന്‍ അല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്

Update: 2021-11-26 05:30 GMT

കൊച്ചി:ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ആലുവ സി ഐ സുധീറിനെ സസ്‌പെന്റു ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്.മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് എസ് പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.സി ഐ സുധീറിനെ സസ്‌പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി, എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലിസ് സ്‌റ്റേഷനു മുന്നില്‍ കഴിഞ്ഞ രണ്ടു ദിവസമായി കുത്തിയിരിപ്പ് സമരം തുടരുകയാണ്.ആരോപണ വിധേയനായ സി ഐ സുധീറിനെ പോലിസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും സസ്‌പെന്‍ഷന്‍ അല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സി ഐ സസ്‌പെന്റു ചെയ്താല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കും.ഇത് വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറങ്ങണം.തങ്ങള്‍ക്ക് മറ്റു വാശികള്‍ ഒന്നുമില്ല.ആത്മഹത്യ ചെയ്ത മോഫിയയുടെ കുടുംബത്തിന്റെയും പ്രധാന ആവശ്യം സി ഐ യെ സസ്‌പെന്റു ചെയ്യണമെന്നാണ്.സസ്‌പെന്റു ചെയ്യുക മാത്രമല്ല. അദ്ദേഹം ചെയ്ത തെറ്റിന് തക്കതായ ശിക്ഷ നല്‍കണമെന്നും അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു.മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിനെയും മന്ത്രി പി രാജീവ് വീട്ടിലെത്തി അവരുമായി സംസാരിച്ചതിനെയും തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.ഇത് കൂറച്ചു കൂടി നേരത്തെ ആകാമായിരുന്നു.എങ്കിലും സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു.

സസ്‌പെന്റു ചെയ്യുംവരെ തങ്ങള്‍ ശക്തമായി സമരം തുടരും. ഇന്ന് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും സമരം നടക്കും.വൈകുന്നേരം മൂന്നിന് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടക്കുമെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃ പിതാവ് യൂസഫ് (63) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലിസ് കോടതിയില്‍ അപേക്ഷ നള്‍കിയിട്ടുണ്ട്. അതിനിടയില്‍ കേസിന്റെ അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Tags:    

Similar News