മൊഫിയ പര്‍വ്വീണിന്റെ ആത്മഹത്യ:സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ റിപോര്‍ട്ടിലെ തീവ്രവാദ ബന്ധ പരമാര്‍ശം പോലിസ് പിന്‍വലിച്ചു

കോടതിയില്‍ തിരുത്തി നല്‍കിയ റിപോര്‍ട്ടിലാണ് പോലിസ് നിലപാട് മാറ്റിയത്

Update: 2021-12-16 11:02 GMT

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീഴ്ച വരുത്തിയ സി ഐ സുധീറിനെതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലെ തീവ്രവാദ ബന്ധം പരാമാര്‍ശം പോലിസ് പിന്‍വലിച്ചു.കോടതിയില്‍ തിരുത്തി നല്‍കിയ റിപോര്‍ട്ടിലാണ് പോലിസ് നിലപാട് മാറ്റിയത്.നേരത്തെ പോലിസ് നല്‍കിയ റിപോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.പോലിസ് നടപടിക്കെതിരെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

യുപിയില്‍ യോഗിയുടെ പോലിസ് നടത്തുന്ന സമാനമായ പ്രവര്‍ത്തിയാണ് കേരള പോലിസും നടത്തുന്നതെന്നും കേരള പോലിസ് യുപി പോലിസിനു പഠിക്കുകയാണോയെന്ന് സംശയിക്കുന്നതായും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കേരള പോലിസില്‍ ആര്‍എസ്എസിന്റെ കടന്നു കയറ്റമുണ്ടായിട്ടുണ്ടന്ന് സിപി ഐ നേതാക്കളായ ആനി രാജയും ഡി രാജയും ആക്ഷേപം ഉന്നയിച്ചിരുന്നു.പോലിസ് ഇപ്പോള്‍ നടത്തിയിരിക്കുന്ന നടപടി കാണുമ്പോള്‍ ഈ ആക്ഷേപം ശക്തമായിരിക്കുകയാണ്.കേരള സമൂഹം പോലിസിന്റെ ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടികളെ അംഗീകരിക്കില്ലെന്നും ഇതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു

പോലിസ് നടപടിയില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും റിമാന്റ് റിപോര്‍ട്ടിലെ തീവ്രവാദ പരാമര്‍ശം നീക്കാന്‍ നടപടി വേണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പോലിസ് നിലപാട് മാറ്റിയിരിക്കുന്നത്.

Tags:    

Similar News