ജനാഭിമുഖ കുര്‍ബാന ഇല്ലാതാക്കുന്ന ഏതു നീക്കത്തേയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി
ജനാഭിമുഖ കുര്‍ബാന ഇല്ലാതാക്കുന്ന തീരുമാനത്തില്‍ നിന്നും സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികര്‍ റിലേ സത്യഗ്രഹം ആരംഭിച്ചു
കൊച്ചി:ജനാഭിമുഖ കുര്‍ബാന ഇല്ലാതാക്കുന്ന ഏതു നീക്കത്തേയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.തീരുമാനത്തില്‍ നിന്നും സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികര്‍ റിലേ സത്യഗ്രഹം ആരംഭിച്ചു.സീറോ മലബാര്‍ സിനഡ് എറണാകുളംഅങ്കമാലി മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെ സമ്മര്‍ദത്തിലാക്കി ഇപ്പോള്‍ കുര്‍ബാനയര്‍പ്പണ രീതിയെ സംബന്ധിച്ച് അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്ന ഒഴിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സിനഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.
നൈയാമികമായി ഈ അതിരൂപതയെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചനാ സമിതി, വൈദിക സമിതി, അജപാലന സമിതി തുടങ്ങിയ കാനോനിക സമിതികളോട് കൂടിയാലോചിക്കണം. ഈ അതിരൂപതയിലെ ആലോചനാ സമിതിയംഗങ്ങള്‍ സ്ഥിരം സിനഡ് അംഗങ്ങളെ കാണണമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും സിനഡില്‍ നിന്നും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. സംഭാഷണത്തിനോ ചര്‍ച്ചയ്‌ക്കോ തയ്യാറാകാത്ത സിനഡ് ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങള്‍ അതിരൂപതയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് െ്രെകസ്തവികതയ്ക്കു തന്നെ ചേരുന്നതല്ല. അത്തരം തീരുമാനങ്ങള്‍ ഈ അതിരൂപതയിലെ ഐക്യത്തെ തകര്‍ക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
എറണാകുളംഅങ്കമാലി അതിരൂപത കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ചൊല്ലിവരുന്നതും മെത്രാപ്പോലീത്തന്‍ വികാരിക്ക് ഔദ്യോഗികമായി കാനോനിക നിയമം 1538 പ്രകാരം മാര്‍പാപ്പ അനുവദിച്ചു നല്‍കിയ ജനാഭിമുഖ കുര്‍ബാന തുടര്‍ന്നും ചൊല്ലാന്‍ സിനഡ് തടസ്സം നില്‍ക്കരുതെന്നുമാണ് വൈദികരുടെയും വിശ്വാസികളുടെയും ആവശ്യം. ഇതിന്റെ ഭാഗമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അടിയന്തിര കമ്മിറ്റിയെയും വൈദികര്‍ തെരഞ്ഞെടുത്തു. ഫാ. ജോസ് ഇടശ്ശേരി, ഫാ. ജോയ്‌സ് കൈതക്കോട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. മാത്യു കിലുക്കന്‍, ഫാ. ജോഷി പുതുശ്ശേരി, ഫാ. കുര്യാക്കോസ് മുണ്ടാടന്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.
ഇവരുടെ നേതൃത്വത്തില്‍ അതിരൂപത ആസ്ഥാനത്ത് രണ്ടു വികാരി ജനറാളുമാരുടെ സാന്നിധ്യത്തില്‍ ഫൊറോന വികാരിമാര്‍ ഒത്തുകൂടുകയും നാളെ അടിയന്തിരമായി അതിരൂപത ആസ്ഥാനത്ത് വൈദിക സമ്മേളനം വിളിച്ചുകൂട്ടാനും തീരുമാനിച്ചതായി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍,വക്താവ് ഫാ. ജോസ് വൈലികോടത്ത് എന്നിവര്‍ വ്യക്തമാക്കി.