കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സിനഡ് നേതൃത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് അല്‍മായ മുന്നേറ്റം
കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്നില്‍ അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത കൗണ്‍സില്‍ പ്രതിഷേധം സംഘടിപ്പിച്ചു
കൊച്ചി : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആന്റണി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സീറോമലബാര്‍ സിനഡ് അധ്യക്ഷസ്ഥാനത്തു നിന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സിനഡ് തന്നെ നേതൃത്വം എടുത്തു പുറത്താക്കണമെന്ന് അല്‍മായ മുന്നേറ്റം എറണാകുളം-അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സിനഡിന്റെ അജണ്ടയില്‍ റെസ്റ്റിട്യൂഷന്‍ നടപ്പിലാക്കുക, ഭൂമികുംഭകോണം സംബന്ധിച്ചു കെപിഎംജി റിപ്പോര്‍ട്ട്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നടത്തിയ നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് ഇന്‍കംടാക്‌സ് അടക്കാന്‍ ആവശ്യപ്പെട്ട പിഴ തുക ഭൂമി വില്‍പനക്ക് നേതൃത്വം നല്‍കിയവര്‍ തന്നെ അടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത കൗണ്‍സില്‍ മൗണ്ട് സെന്റ് തോമസിന് മുന്നില്‍ പ്രധിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധയോഗം പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ് ഉദ്ഘാടനം ചെയ്തു, അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, റോക്കി ചേര്‍ത്തല, മാത്യു കരോണ്ടുകടവന്‍, ബെന്റലി താടിക്കാരന്‍, വിജിലന്‍ ജോണ്‍ പ്രസംഗിച്ചു. സെക്രട്ടറി ബോബി മലയില്‍ സ്വാഗതവും ബിബിന്‍ അങ്കമാലി നന്ദിയും പറഞ്ഞു. വരും ദിവസങ്ങളില്‍ ഈ സമരം ഇടവക, ഫൊറോന കേന്ദ്രങ്ങളിലും മൗണ്ട് സെന്റ് തോമസിന് മുന്നിലും തുടരുമെന്ന് അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ അറിയിച്ചു.