എറണാകുളം-അങ്കമാലി അതിരൂപതിയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് വൈദികര്‍

അതിരൂപതയിലെ അഞ്ച് ദേവാലയങ്ങളിലൊഴികെ ബാക്കി മുഴുവന്‍ ദേവാലയങ്ങളിലും ജനാഭിമുഖ കൂര്‍ബാനയാണ് ഇന്നലെയും ചൊല്ലിയതെന്നും തുടര്‍ന്നുളള ദിവസങ്ങളിലും ജനാഭിമുഖ കുര്‍ബാന മാത്രമെ ചൊല്ലുകയുള്ളുവെന്നും എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം അറിയിച്ചു

Update: 2022-04-11 04:37 GMT

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാന പ്രകാരം ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പണം ആരംഭിക്കണമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം തള്ളി എറണാകുളം-അങ്കമാലി അതിരൂപത.അതിരൂപതയിലെ അഞ്ച് ദേവാലയങ്ങളിലൊഴികെ ബാക്കി മുഴുവന്‍ ദേവാലയങ്ങളിലും ജനാഭിമുഖ കുര്‍ബാനയാണ് ഇന്നലെയും ചൊല്ലിയതെന്നും തുടര്‍ന്നുളള ദിവസങ്ങളിലും ജനാഭിമുഖ കുര്‍ബാന മാത്രമെ ചൊല്ലുകയുള്ളുവെന്നും എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം അറിയിച്ചു.

പ്രസന്നപുരം,തോട്ടുവ,മറ്റൂര്‍,യൂനിവേഴ്‌സിറ്റി പള്ളി, എറണാകുളം സെന്റ് മേരിസ് കത്തീഡ്രല്‍ ബസലിക്ക എന്നിവടങ്ങളിലാണ് ഏകീകൃത രീതിയിലുള്ള കൂര്‍ബാന ചൊല്ലിയത്.ഇതില്‍ സെന്റ് മേരിസ് കത്തീഡ്രല്‍ ബസലിക്കയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ചൊല്ലിയ കുര്‍ബാന മാത്രമാണ് ഏകീകൃത രീതിയില്‍ നടന്നത്.ഇതിനു ശേഷം ഇവിടെ ചൊല്ലിയ കുര്‍ബാനകള്‍ ജനാഭിമുഖമായിരുന്നുവെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.തുടര്‍ന്നുള്ള ദിവസങ്ങളിലും ജനാഭിമുഖമായിട്ടുള്ള കുര്‍ബ്ബാന മാത്രമായിരിക്കും ചൊല്ലുകയെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.

ഡിസംബര്‍ 25 വരെ ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ നിര്‍ദ്ദേശം നല്‍കിയ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ നിര്‍ദ്ദേശത്തെ മറികടന്നുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിക്കളഞ്ഞതായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ എറണാകുളം അതിരൂപത മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ പറഞ്ഞു.എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി സര്‍ക്കുലര്‍ ഇറക്കാന്‍ മാര്‍ ആന്റണി കരിയിലിനാണ് അവകാശമെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    

Similar News