ജനാഭിമുഖ കുര്‍ബ്ബാന തുടരണം; വിരുദ്ധ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സഭ സിനഡ് ശ്രമിക്കരുതെന്ന് എറണാകുളം-അങ്കമാലി അതിരൂപത വൈദികരുടെ പ്രമേയം
എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് ചേര്‍ന്ന വൈദിക സമ്മേളനമാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ 50 വര്‍ഷത്തിലേറെക്കാലമായി അതിരൂപത മുഴുവന്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്‍ബാനയില്‍ യാതൊരു വിധ മാറ്റവും വരുത്താന്‍ സീറോ മലബാര്‍ സിനഡ് ശ്രമിക്കരുതെന്ന് വൈദിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
കൊച്ചി:ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായ തീരുമാനം സീറോ മലബാര്‍ സഭ സിനഡ് അടിച്ചേല്‍പിച്ചാല്‍ അതു യാതൊരു കാരണവശാലും സ്വീകരിക്കുകയില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍.എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് ചേര്‍ന്ന വൈദിക സമ്മേളനമാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് പ്രഖ്യാപനം നടത്തിയത്.രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കഴിഞ്ഞ 50 വര്‍ഷത്തിലേറെക്കാലമായി അതിരൂപത മുഴുവന്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്‍ബാനയില്‍ യാതൊരു വിധ മാറ്റവും വരുത്താന്‍ സീറോ മലബാര്‍ സിനഡ് ശ്രമിക്കരുതെന്ന് വൈദിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇത് തങ്ങളുടെ അവകാശമാണ്. വൈദികരോടൊ സമര്‍പ്പിതരോടൊ അല്‍മായരോടൊ ചര്‍ച്ച ചെയ്യാതെ പാസാക്കിയ സിനഡ് തീരുമാനം അടിച്ചേല്‍പിക്കാനുള്ള നടപടിയെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും പ്രമേയം വ്യക്തമാക്കി. ജനാഭിമുഖ കുര്‍ബാനയ്ക്ക് വിരുദ്ധമായ സിനഡല്‍ ഫോര്‍മുല തങ്ങളുടെ ഇടവകകളില്‍ വിഭാഗീയതയ്ക്കും അസമാധാനത്തിനും അക്രമത്തിനും ഇടയാക്കും. ഐകരൂപ്യത്തിന്റെ പേരില്‍ ഐക്യം തകര്‍ക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ ചൊല്ലിവരുന്ന പൂര്‍ണമായ ജനാഭിമുഖ കുര്‍ബാന സീറോ മലബാര്‍ സഭാ സിനഡ് ഔദ്യോഗികമായി അംഗീകരിക്കണം. ഈ അതിരൂപതയെ സംബന്ധിച്ചിടത്തോളമുള്ള ഏതു തീരുമാനത്തിനും ഇവിടുത്തെ കാനോനിക സമിതികളുടെ അംഗീകാരം തേടണം. മറിച്ചൊരു തീരുമാനമുണ്ടായാല്‍ ഇവിടുത്തെ ദൈവജനം യാതൊരു കാരണവശാലും അതു സ്വീകരിക്കുകയില്ലെന്നും സമ്മേളനം പ്രമേയത്തിലൂടെ വ്യക്തമാക്കി.
ഫാ.ഡോ. ഹൊര്‍മീസ് മൈനാട്ടി വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. ജോസ് ഇടശ്ശേരി, ഫാ. പോള്‍ ചിറ്റിനപ്പിള്ളി സംസാരിച്ചു. ഫാ. ജോഷി പുതുശ്ശേരി പ്രമേയം അവതരിപ്പിച്ചു. ഫാ. ജോയ്‌സ് കൈതക്കോട്ടില്‍ എല്ലാവര്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ഫ്രാന്‍സിസ് അരീക്കല്‍ യോഗത്തിനു നന്ദി പറഞ്ഞു.ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മുതല്‍ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികര്‍ റിലേ സത്യാഗ്രഹം ആരംഭിക്കുകയും രാത്രിമുതല്‍ ഫാ. ബാബു കളത്തില്‍ നിരാഹാര സത്യഗ്രഹം തുടങ്ങുകയും ചെയ്തിട്ടുണ്ട്.തുടര്‍ന്നാണ് ഇന്ന് വൈദികരുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തിയത്.