അങ്കമാലിയില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവം: ഒരാള്‍ കൂടി പോലിസ് പിടിയില്‍
പറവൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (റൊണാള്‍ഡോ ജബ്ബാര്‍ 40) നെയാണ് അങ്കമാലി പറവൂര്‍ പോലിസ് സംയുക്തമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കരയാംപറമ്പിലെ ഫ് ളാറ്റില്‍ താമസിക്കുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നും പതിനൊന്ന് കിലോ കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിറിനെ അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: അങ്കമാലിയില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പറവൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (റൊണാള്‍ഡോ ജബ്ബാര്‍ 40) നെയാണ് അങ്കമാലി പറവൂര്‍ പോലിസ് സംയുക്തമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കരയാംപറമ്പിലെ ഫ് ളാറ്റില്‍ താമസിക്കുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നും പതിനൊന്ന് കിലോ കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിറിനെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ ഒഡീഷയില്‍ നിന്നും വാങ്ങുന്നതും, പണം മുടക്കുന്നതും ജബ്ബാര്‍ ആണെന്ന് പോലിസ് പറഞ്ഞു.
സാഹിറും സംഘവും കാറില്‍ പോയി കഞ്ചാവ് കേരളത്തില്‍ എത്തിക്കുകയും വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്. നിരവധി പ്രാവശ്യം ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്നും പോലിസ് പറഞ്ഞു. അബ്ദുള്‍ ജബ്ബാറിനെതിരെ വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകള്‍ ഉണ്ടെന്നും പോലിസ് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ എറണാകുളം റൂറല്‍ ജില്ലയില്‍ നടന്ന പ്രത്യേക പരിശോധനയില്‍ പറവൂരില്‍ നിന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുളളവര്‍ അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ജബ്ബാറിനെ റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പി എസ് ബിനു. എസ്എച്ച്ഒമാരായ സോണി മത്തായി, ഷോജോ വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് കേസ് അന്വേഷിക്കുന്നത്.