ടാങ്കര്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 250 കിലോ കഞ്ചാവ് പിടിച്ച സംഭവം: അന്വേഷണം ഒഡീഷയിലേക്കും വ്യാപിപ്പിക്കും
എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക സംഘം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സെല്‍വകുമാറിന്റെ കേരളത്തിലെ കൂട്ടാളികളെക്കുറിച്ച് പോലിസ് പരിശോധിച്ച് വരികയാണ്
കൊച്ചി: ഒഡീഷയില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ 250 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായ ഡ്രൈവര്‍ തമിഴ്‌നാട് ഉസലാംപെട്ടി സ്വദേശി സെല്‍വകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലിസ്.നിലവില്‍ ഇയാള്‍ റിമാന്റിലാണ്.കേസിന്റെ അന്വേഷണം ഒഡീഷയിലേക്കും വ്യാപിപ്പിക്കുമെന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.കെ കാര്‍ത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക സംഘം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സെല്‍വകുമാറിന്റെ കേരളത്തിലെ കൂട്ടാളികളെക്കുറിച്ച് പോലിസ് പരിശോധിച്ച് വരികയാണ്.ടാങ്കര്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഇടുക്കി ഭാഗത്തേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. സെല്‍വകുമാര്‍ ഇതിനു മുമ്പും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇതും പരിശോധിക്കുന്നുണ്ടെന്നും എസ് പി പറഞ്ഞു. പ്രത്യേകം പാക്കറ്റുകളില്‍ പൊതിഞ്ഞ് ടാങ്കര്‍ ലോറിയുടെ രഹസ്യ അറകളില്‍ സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന 111 പായ്ക്കറ്റുകളാണ് പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിഷു ദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ നിന്നും പിടികൂടിയത്.