ഡോക്ടറെ കബളിപ്പിച്ച് 58 ലക്ഷം രൂപ തട്ടി ; അഞ്ച് പ്രതികള്‍ പോലിസ് പിടിയില്‍

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റുവൈസ് (31), കോട്ടയം ഈരാറ്റുപേട്ട സ്വദേശി സനൂപ് അലിയാര്‍ (30), പറളി സ്വദേശി ഇല്യാസ് (30), കൊറ്റാളി സ്വദേശി അസീല്‍ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഫൈസല്‍ (29) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് സി ഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Update: 2021-09-09 18:01 GMT

കൊച്ചി: പുതിയതായി ആരംഭിക്കുന്ന മെഡിക്കല്‍ സംരംഭത്തിലേയ്ക്ക് പ്രമുഖ വ്യവസായി 750 കോടി രൂപ നിക്ഷേപിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് ഡോക്ടറില്‍ നിന്നും 58 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റുവൈസ് (31), കോട്ടയം ഈരാറ്റുപേട്ട സ്വദേശി സനൂപ് അലിയാര്‍ (30),കണ്ണൂര്‍ പാറാല്‍ സ്വദേശി ഇല്യാസ് (30),കക്കാട് ശാദുലിപ്പള്ളി ചാലുവളപ്പ് കെ ടി ഹൗസില്‍ അസീല്‍ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഫൈസല്‍ (29) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് സി ഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കലൂര്‍ ദേശാഭിമാനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.

പുതിയതായി തുടങ്ങുന്ന മെഡിക്കല്‍ സംരംഭത്തിലേയ്ക്ക് രോഗികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു പ്രത്യേക സോഫ്റ്റ് വെയര്‍ ഉണ്ടെന്നും ഇതിന് 10 കോടി രൂപ വിലവരുമെന്നും പ്രതികള്‍ ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കൂടാതെ, ഒമ്പത് കോടി 48 ലക്ഷം രൂപ സംരഭത്തില്‍ പ്രതികള്‍ നിക്ഷേപിച്ചതായുള്ള വ്യാജരേഖകളും ഡോക്ടറെ കാണിച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ബാക്കി 52 ലക്ഷം രൂപ നല്‍കുകയാണെങ്കില്‍ 750 കോടി രൂപയുടെ 10 ശതമാനം ഡോക്ടര്‍ക്ക് നല്‍കാമെന്നും പ്രതികള്‍ വാഗ്ദാനം നല്‍കി. ഇത് വിശ്വാസത്തിലെടുത്ത ഡോക്ടര്‍ പ്രതികള്‍ക്ക് 52 ലക്ഷം രൂപ നല്‍കി. പിന്നീട് പ്രതികളെകുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്

അന്വേഷണം ആരംഭിച്ച നോര്‍ത്ത് പോലീസ് പ്രതികള്‍ ഡോക്ടറില്‍ നിന്നും പണം സ്വീകരിക്കാന്‍ എത്തിയ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി റുവൈസിനെ ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷത്തോളമായി ഈ ഹോട്ടലില്‍ താമസിച്ചു വന്നിരുന്ന പ്രതികള്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് നോര്‍ത്ത് പോലീസ് അന്വേഷിക്കുന്നുണ്ട്. എസ് ഐ അജയകുമാര്‍, സിപിഒമാരായ വിനീത്, അജിലേഷ്, മിഥുന്‍രാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News