കുറഞ്ഞ പലിശയ്ക്ക് വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടി; തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശികളായ രാജശേഖരന്‍(56), വിജയകുമാര്‍(56) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലിസ് പിടികൂടിയത്. പത്ത് കോടി രൂപ ഒരു ശതമാനം പലിശക്ക് ശരിയാക്കിതരാം എന്ന് പറഞ്ഞ് തമിഴ്‌നാട് വില്ലുപുരം സ്വദേശിയെയാണ് ഇവര്‍ കബളിപ്പിച്ചത്

Update: 2022-02-18 04:58 GMT

കൊച്ചി: കുറഞ്ഞ പലിശക്ക് വായ്പ ശരിയാക്കിതരാം എന്ന് പറഞ്ഞ് പ്രോസസിംഗ് ചാര്‍ജ് ഇനത്തില്‍ പത്ത് ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശികളായ രാജശേഖരന്‍(56), വിജയകുമാര്‍(56) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലിസ് പിടികൂടിയത്. പത്ത് കോടി രൂപ ഒരു ശതമാനം പലിശക്ക് ശരിയാക്കിതരാം എന്ന് പറഞ്ഞ് തമിഴ്‌നാട് വില്ലുപുരം സ്വദേശിയെയാണ് ഇവര്‍ കബളിപ്പിച്ചത്.

2020ല്‍ നെടുമ്പാശ്ശേരിയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതികള്‍ക്ക് പണം കൈമാറിയത്. ഉറപ്പിനായി പ്രതികള്‍ പത്ത് ലക്ഷം രൂപയുടെ ഡേറ്റഡ് ചെക്കും നല്‍കി. ഒരു ലക്ഷം രൂപ നേരിട്ടും ബാക്കി തുക അക്കൗണ്ട് വഴിയുമാണ് നല്‍കിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ചെന്നൈ റെഡ് ഹില്‍സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.

ഇവര്‍ കേരളത്തിലും, തമിഴ്‌നാട്ടിലും കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും കൂടതല്‍ പ്രതികള്‍ തട്ടിപ്പുസംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നതെന്നും ് പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ. ജോസ്, എ എസ് ഐ ബാലചന്ദ്രന്‍ പോലീസുകാരായ റോണി അഗസ്റ്റിന്‍, ജിസ്‌മോന്‍ എന്നിവരും ഉണ്ടായിരുന്നു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Tags:    

Similar News