കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ മല്‍സ്യകര്‍ഷകര്‍ക്ക് വിപണിയൊരുക്കി സിഎംഎഫ്ആര്‍ഐ
കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, തിലാപിയ...കൂടുകൃഷിയില്‍ വിളവെടുത്ത മല്‍സ്യം ജീവനോടെ എല്ലാ പ്രവൃത്തി ദിനങ്ങളിലും സിഎംഎഫ്ആര്‍ഐയില്‍ നിന്ന് നേരിട്ടു വാങ്ങാം.രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് സമയം.
കൊച്ചി: കൊച്ചിയിലെ മല്‍സ്യപ്രേമികള്‍ക്ക് ശുദ്ധമായ മീന്‍ കഴിക്കാന്‍ അവസരമൊരുക്കി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കൂടുകൃഷിയില്‍ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, തിലാപ്പിയ എന്നീ മല്‍സ്യങ്ങള്‍ ഇനി മുതല്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും സിഎംഎഫ്ആര്‍ഐയില്‍ നിന്ന് നേരിട്ടു വാങ്ങാം.സിഎംഎഫ്ആര്‍ഐയിലെ കാര്‍ഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രം (അറ്റിക്), എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സാങ്കേതിക സഹായത്തോടെ കൂടുമത്സ്യ കൃഷി നടത്തുന്ന കര്‍ഷകരാണ് സിഎംഎഫ്ആര്‍ഐയില്‍ സ്ഥിരമായി ഒരുക്കിയ 'ലൈവ് ഫിഷ് കൗണ്ടര്‍' സംവിധാനത്തിലൂടെ വില്‍പന നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ മല്‍സ്യവിപണനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ആവശ്യക്കാരിലേക്ക് മല്‍സ്യമെത്തിക്കാന്‍ ഇത് മല്‍സ്യ കര്‍ഷകരെ സഹായിക്കും. കൃഷിയുടെ ഉല്‍പദാനചിലവിന്റെ 30 ശതമാനം വരെ ഇടനിലക്കാര്‍മുഖേന കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, കലര്‍പ്പില്ലാത്ത ശുദ്ധമായ മല്‍സ്യം ജീവനോടെ തന്നെ സ്വന്തമാക്കാന്‍ മല്‍സ്യപ്രേമികള്‍ക്കും അവസരം ലഭിക്കുന്നു.മീനുകള്‍ ജീവനോടെ വില്‍പന നടത്താനുള്ള സാധ്യത കൂടിയാണ് പുതിയ സംവിധാനത്തിലൂടെ സിഎംഎഫ്ആര്‍ഐ പ്രചരിപ്പിക്കുന്നത്. കൃഷിയിടങ്ങളില്‍ നിന്ന് വിളവെടുക്കുന്ന മല്‍സ്യങ്ങള്‍ ഉടനെ തന്നെ വിറ്റഴിക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍, മതിയായ സജ്ജീകരണങ്ങളോടെ കൃഷിചെയ്ത മല്‍സ്യം ജീവനോടെ ലഭ്യമാക്കുന്നത് വിപണനരീതിയെ വൈവിധ്യമാക്കും.
അറ്റിക്, കെവികെ എന്നിവയുടെ മേല്‍നോട്ടത്തിലാണ് ലൈവ് ഫിഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് സമയം.കര്‍ഷകര്‍ക്കാവശ്യമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഫാം സ്റ്റോര്‍, കര്‍ഷകരുടെ മാത്രം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഫാം ഷോപ്പി എന്നിവയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്നും ശേഖരിച്ച് ശീതീകരിച്ച ചക്കപ്പഴം, പച്ചച്ചക്ക, ചക്കക്കുരു എന്നിവ വര്‍ഷം മുഴുവന്‍ ലഭ്യമാണ്. അരിഞ്ഞു പാക്കറ്റിലാക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, വീട്ടുവളപ്പുകളില്‍ ഉല്‍പാദിപ്പിക്കുന്ന കോഴി-കാട -താറാവ് മുട്ടകള്‍, പാല്‍, നെയ്യ്, കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന മറയൂര്‍ ശര്‍ക്കര, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയെല്ലാം ഫാം ഷോപ്പിയില്‍ ലഭിക്കും.