എറണാകുളം ജില്ല കൊവിഡ് മുക്തമാകുന്നു; അവസാനത്തെ രോഗിയും സുഖം പ്രാപിച്ചു
കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജു ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു
കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗ മുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കലൂര്‍ സ്വദേശി വിഷ്ണുവിന്റെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജു ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.മാര്‍ച്ച് 22ന് യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ വിഷ്ണുവിനെ ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏപ്രില്‍ നാലിനാണ് പ്രവേശിപ്പിച്ചത്.കൊവിഡ് സ്ഥിരീകരിച്ച് നേരത്തെ അഡ്മിറ്റ് ചെയ്ത പത്തനംതിട്ട സ്വദേശിയുമായും ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞ 29 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികില്‍സയില്‍ ആയിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ് രോഗം ഭേദമായതായി സ്ഥിരീകരിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ചികില്‍സയില്‍ ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയത്.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. ഫത്തഹുദ്ധീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ഗീതാ നായര്‍, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, , നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. സാന്റ്റി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു വിഷ്ണുവിന്റെ ചികില്‍സ.