ഡി ഐ ജി ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ പോലിസ് വിദേശ യാത്ര നിഷേധിക്കുന്നുവെന്ന്; സിപി ഐ ജില്ലാ സെക്രട്ടറി ഹൈക്കോടതിയില്‍
ദമാസ്‌കസില്‍ അടുത്തമാസം എട്ടിന് നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനായി തത്കാല്‍ സംവിധാനത്തില്‍ രാജുവിന് പാസ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതുപ്രകാരം വിസയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഡി ഐ ജി ഓഫിസ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ രാജുവിനെതിരെ ക്രിമിനല്‍ കേസ് ചുമത്തിയത് ചൂണ്ടിക്കാട്ടി പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ക്ലിയറന്‍സ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്
കൊച്ചി: എറണാകുളം മധ്യ മേഖല ഡി ഐ ജി ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ വിദേശയാത്രക്ക് പോലിസ് ക്ലിയറന്‍സ് നല്‍കാത്തതിനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഹൈക്കോടതിയെ സമീപിച്ചു. ദമാസ്‌കസില്‍ അടുത്തമാസം എട്ടിന് നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനായി തത്കാല്‍ സംവിധാനത്തില്‍ രാജുവിന് പാസ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതുപ്രകാരം വിസയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഡി ഐ ജി ഓഫിസ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ രാജുവിനെതിരെ ക്രിമിനല്‍ കേസ് ചുമത്തിയത് ചൂണ്ടിക്കാട്ടി പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ക്ലിയറന്‍സ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളജിലെ എ ഐ എസ് എഫ് പ്രവര്‍ത്തകരെ ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറാവാതിരിക്കുകയും പിന്നീട് എ ഐ എസ് എഫ് പ്രവര്‍ത്തകരെ കാണാന്‍ ഞാറയ്ക്കല്‍ ഗവണ്മെന്റ് ആശുപത്രിയിലെത്തിയ സി പി ഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ സംഭവത്തില്‍ നിഷ്‌ക്രിയത്വം പാലിച്ച ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 23 നാണ് സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ ഡി ഐ ജി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് നേരെ പോലിസ് നടത്തിയ ലാത്തിച്ചാജിലും ജലപീരങ്കി പ്രയോഗത്തിലും പി രാജു , എല്‍ദോ എബ്രഹാം എം എല്‍ എ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഈ സംഭവത്തിലാണ് പി രാജു അടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലിസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് വിദേശയാത്രക്കുള്ള ക്ലിയറന്‍സ് പോലിസ് നിഷേധിക്കുന്നത്.
വിദേശയാത്രക്കുള്ള വിസയും ടിക്കറ്റും മറ്റും ലഭിച്ചുവെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനകീയ സമരത്തിന് നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ട കേസാണിതെന്നും പോലീസ് ക്ളീയറന്‍സ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അതിന്റെ പേരില്‍ യാത്ര മുടക്കാന്‍ കഴിയില്ലെന്നും പി രാജു പറഞ്ഞു.