സര്‍ക്കാരിന്റെ പിന്തുണ കിട്ടുന്നില്ലെന്ന് വ്യാപാരികള്‍; എറണാകുളത്ത് കടയടച്ച് പ്രതിഷേധം
ജില്ലയില്‍ മെഡിക്കല്‍ സ്റ്റോറുകളും, പെട്രോള്‍ പമ്പുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. സമരത്തിന് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു
കൊച്ചി :കൊവിഡിന്റെ രണ്ടാം തരംഗത്തിലും സര്‍ക്കാരിന്റെ യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നാരോപിച്ച് എറണാകുളം ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു. ജില്ലയില്‍ മെഡിക്കല്‍ സ്റ്റോറുകളും, പെട്രോള്‍ പമ്പുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. സമരത്തിന് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എറണാകുളം ജില്ലാ ഭരണകേന്ദ്രത്തിന് മുന്നിലെ സമരവേദിയില്‍ യൂത്ത് വിംഗ് എറണാകുളം മേഖലാ കമ്മറ്റി അംഗങ്ങള്‍ സര്‍ക്കാരിന്റെ കനിവിനായി പിപികിറ്റണിഞ്ഞ് കൈയ്യില്‍ പൂക്കളും തലയില്‍ പച്ചപുല്ലുമായിട്ടായിരുന്നു പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തിയിരിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടെന്ന വിവരം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് റിയാസ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി മുഖ്യമന്ത്രി കൊവിഡ് സമാശ്വാസ വാര്‍ത്താസമ്മേളനം നടത്തുന്നുവെങ്കിലും ഇന്നുവരെ വ്യാപാരികള്‍ക്ക് ആശ്വാസം പകരുന്ന യാതൊരു പ്രഖ്യാപനമോ നടപടിയോ നടത്തിയിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ടി ബി നാസര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് അംഗം അസ്സീസ് മൂലയില്‍, എറണാകുളം മേഖല വൈസ് പ്രസിഡന്റ് കെ ആര്‍ ദയാനന്ദന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറല്‍ സെക്രട്ടറി കെ എസ് നിഷാദ്, സെക്രട്ടറി ബഷീര്‍ കാക്കനാട്, യൂത്ത് വിംഗ് എറണാകുളം മേഖല പ്രസിഡന്റ് പ്രദീപ് ജോസഫ്, ജനറല്‍ സെക്രട്ടറി കെ സി മുരളീധരന്‍, ഖജാന്‍ജി റാഫി വൈറ്റില, ടിജോ തോമസ് സംസാരിച്ചു.