അതിഥി തൊഴിലാളികളുടെ ഡേറ്റബേസ് തയ്യാറാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

ജോലിയുടെ സവിശേഷത,മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടക്കിടെ എത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ മൂലം ഡേറ്റബേസ് നിര്‍മാണം വൈകിയതെന്നും നിലവിലുള്ളതിനു സമാനമായ സാഹചര്യങ്ങള്‍ നേരിടാന്‍ ഇപ്പോള്‍ തയ്യാറാക്കുന്ന ഡേറ്റബേസ് സഹായകമാകും

Update: 2020-03-31 12:58 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റബേസ് തയ്യാറാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ജോലിയുടെ സവിശേഷത,മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടക്കിടെ എത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ മൂലം ഡേറ്റബേസ് നിര്‍മാണം വൈകിയതെന്നും നിലവിലുള്ളതിനു സമാനമായ സാഹചര്യങ്ങള്‍ നേരിടാന്‍ ഇപ്പോള്‍ തയ്യാറാക്കുന്ന ഡേറ്റബേസ് സഹായകമാകുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും അവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന കമ്മ്യൂനിറ്റി കിച്ചനുകളിലും അതാത് ദിവസങ്ങളിലെ മെനു പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ആരൊക്കെ ഭക്ഷണം കഴിക്കുന്നു എന്ന രജിസ്റ്ററും ക്യാംപുകളില്‍ സൂക്ഷിക്കണം.

അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും വിളിച്ചറിയിക്കാനുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ എല്ലാ ക്യാംപകളിലും പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്ന ഒമ്പത് വോളന്റിയര്‍മാരാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നത്. അതിഥി തൊഴിലാളികളുടെ ക്യാംപുകളിലെയും കമ്മ്യൂണിറ്റി കിച്ചനുകളിലെയും പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ വകുപ്പിനെ സഹായിക്കാന്‍ റവന്യു, പോലിസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

അവര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്കാവശ്യമായ താമസം, ഭക്ഷണം, മറ്റ് അവശ്യ സാധനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ദിവസവും കലക്ടര്‍ നേരിട്ട് വിലയിരുത്തും. കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത പിവിഎസ് ആശുപത്രിയുടെ നവീകരണം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. മറ്റ് ആശുപത്രികളിലെ ലഭ്യമായ വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ വാര്‍റൂം വഴി ശേഖരിച്ചു വരികയാണ്. ഇതു വഴി മെഡിക്കല്‍ സൗകര്യങ്ങള്‍ കണ്‍ട്രോള്‍ റൂം വഴി തന്നെ നിയന്ത്രിക്കാന്‍ സാധിക്കും.നിലവില്‍ ജില്ലയില്‍ സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും രോഗലക്ഷണങ്ങള്‍ ഉള്ള വിദേശ ബന്ധമോ സമ്പര്‍ക്കമോ ഇല്ലാത്ത ആളുകളുടെ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ജില്ലയില്‍ 31 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. 

Tags:    

Similar News