എറണാകുളത്ത് വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം: പുനരന്വേഷണം നടത്തണമെന്ന് വനിത കമ്മീഷന്‍; ഫ്‌ളാറ്റുടമ 14 വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രതിയെന്ന്

കുമാരി ജോലി ചെയ്തിരുന്ന ഫ്ലാറ്റുടമയായ ഇംതിയാസ് ഇതിന് മുമ്പ് 14 വയസ്സുള്ള കുട്ടിയെ വീട്ടില്‍ നിര്‍ത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണെന്നും എന്നാല്‍ അന്ന് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തതന്നും എം സി ജോസഫൈന്‍ പറഞ്ഞു

Update: 2020-12-14 12:37 GMT

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി കുമാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മീഷന്‍. ഈ കേസില്‍ ദുരൂഹത ഉണ്ട്. കുമാരി ജോലി ചെയ്തിരുന്ന ഫ്ലാറ്റുടമയായ ഇംതിയാസ് ഇതിന് മുമ്പ് 14 വയസ്സുള്ള കുട്ടിയെ വീട്ടില്‍ നിര്‍ത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണെന്നും എന്നാല്‍ അന്ന് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തതന്നും എം സി ജോസഫൈന്‍ പറഞ്ഞു.. ഗാര്‍ഹിക തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നും എം സി ജോസൈഫന്‍ ആവശ്യപ്പെട്ടു.

ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സുരക്ഷ ലഭിക്കണമെങ്കില്‍ സ്വത്തില്‍ തുല്യ അവകാശം ഉപ്പാക്കുന്ന നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരണം. സ്ത്രീധന ക്രയവിക്രയത്തില്‍ സ്ത്രീകള്‍ക്ക് നേരിട്ട് പങ്കില്ല . മാത്രമല്ല സ്ത്രീധനം നല്‍കുന്നതിന്റെ രേഖകളുമില്ല. എറണാകുളം ജില്ലയില്‍ ഗാര്‍ഹിക പീഡന സ്ത്രീധന പ്രശ്നങ്ങള്‍ വ്യാപകമായി വര്‍ധിക്കുന്നതായും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ പ്രൊജക്ടിന്റെ ഭാഗമായി സാങ്കേതിക ജോലിക്ക് വേണ്ട സാഹചര്യങ്ങള്‍ ഇല്ല എന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതികാരബുദ്ധിയോടെ സ്ഥലമാറ്റം നല്‍കിയതിനെതിരെ ലഭിച്ച പരാതിയില്‍ ഒരാഴ്ച്ചക്കകം തിരികെ സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഒപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യങ്ങളില്‍ വീഴ്ച്ച വരുത്താതിരിക്കാന്‍ പരാതിക്കാരിക്ക് താക്കീത് നല്‍കുകയും ചെയ്തു. വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ അടുത്ത അദാലത്തില്‍ അവരെ വിളിപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പോലീസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നടപ്പിലാക്കുന്നില്ല എന്ന പരാതിയില്‍ കോടതി അലക്ഷ്യത്തിന് പരാതി നല്‍കാനും ഈ കാര്യങ്ങള്‍ ഡി വൈ എസ പി യെ ബോധ്യപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. പോലീസ് ഉദ്യോഗസ്ഥന് എതിരെ ഗാര്‍ഹിക പീഡനത്തിന് പല തവണ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ല എന്ന പരാതിയില്‍ ഇടുക്കി എസ് പി വഴി അടുത്ത അദാലത്തില്‍ പോലിസ് ഉദ്യോഗസ്ഥനെ വിളിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. പരിഗണിച്ച 56 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. 4 കേസുകളില്‍ വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. അദാലത്തില്‍ വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, കമ്മീഷന്‍ അംഗം ഷിജി ശിവജി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News