എറണാകുളത്ത് ഫ്‌ളാറ്റില്‍ നിന്നും വീട്ടുജോലിക്കാരി താഴെ വീണ സംഭവത്തില്‍ ദുരൂഹത
ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സേലം സ്വദേശി കുമാരിയാണ് ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും താഴേക്ക് വീണത്.ഇവരെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആറാം നിലയില്‍ നിന്നും സാരി കെട്ടി താഴേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ താഴേക്ക് വീണതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ വീട്ടു ജോലിക്കാരി ഫ്‌ളാറ്റില്‍ നിന്നും താഴേക്കു വീണ സംഭവത്തില്‍ ദുരൂഹത.ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശിനിയെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തമിഴ്‌നാട് സേലം സ്വദേശി കുമാരിയാണ് ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും താഴേക്ക് വീണത്.രാവിലെ എട്ടു മണിയോടെയായിരുന്ന സംഭവം.ഫ്‌ളാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ വീഴ്ചയില്‍ തലയക്കും കാലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ദ ചികില്‍സയ്ക്കായി ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുമാരി ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്നായിരുന്നു ആദ്യ റിപോര്‍ടുകള്‍ എന്നാല്‍ ആറാം നിലയില്‍ നിന്നും സാരി കെട്ടി താഴേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ താഴേക്ക് വീണതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.കുമാരി താമസിച്ചിരുന്ന മുറി അകത്ത് നിന്നും പൂട്ടിയ ശേഷം വെന്റിലേറ്റര്‍ വഴി സാരികെട്ടി വീട്ടുകാരറിയാതെ പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം സംഭവിച്ചതായിട്ടാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് കൊച്ചി എസിപി കെ ലാല്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇനി അതല്ലാതെ മറ്റേതെങ്കിലും വിധത്തിലുള്ള സംഭവങ്ങള്‍ ഉണ്ടോയെന്നതൊക്കെ സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും എസിപി പറഞ്ഞു.ഫ്‌ളാറ്റുടമയെയും പരിക്കേറ്റ കുമാരിയെയും ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.