പെണ്ണുകാണല്‍ എന്ന വ്യാജേന വ്യവസായിയെ കൊണ്ടുപോയി കവര്‍ച്ച; ഒരാള്‍ കൂടി അറസ്റ്റില്‍
വടകര കായക്കൊടി തളീയിക്കര പുളകണ്ടി വീട്ടില്‍ നിന്നും താമരശ്ശേരി കൊടുവള്ളി വാവാട് മദ്രസക്ക് സമീപം താമസിക്കുന്ന അന്‍വര്‍ ഇബ്രാഹിം (43) ആണ് എറണാകുളം എ സി പി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
കൊച്ചി : എറണാകുളത്തുനിന്നും വ്യവസായിയെ മൈസൂരില്‍ പെണ്ണുകാണാന്‍ എന്ന വ്യാജേന മൈസൂരില്‍ കൂട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയില്‍ ചെയ്ത് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.വടകര കായക്കൊടി തളീയിക്കര പുളകണ്ടി വീട്ടില്‍ നിന്നും താമരശ്ശേരി കൊടുവള്ളി വാവാട് മദ്രസക്ക് സമീപം താമസിക്കുന്ന അന്‍വര്‍ ഇബ്രാഹിം (43) ആണ് എറണാകുളം എ സി പി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം.
എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനായ വ്യവസായിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരില്‍ പെണ്ണുകാണാന്‍ എന്നുപറഞ്ഞ് എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്നും ഇദ്ദേഹത്തെ കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടില്‍ ഇദ്ദേഹത്തെ പ്രതികള്‍ എത്തിച്ചു. വീട്ടില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ ഇദ്ദേഹത്തെ മുറിയില്‍ കയറ്റിയ ശേഷം പ്രതികള്‍ മുറി പുറത്ത് നിന്നു പൂട്ടി. ഉടനെ കര്‍ണാടക പോലീസ് എന്നുപറഞ്ഞ് മറ്റു സംഘാംഗങ്ങള്‍ വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്‌നഫോട്ടോകള്‍ എടുക്കുകയും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും വിലയേറിയ വാച്ചും കവര്‍ന്നതിനു ശേഷം , ബ്ലാങ്ക് മുദ്രപത്രങ്ങളില്‍ ഒപ്പിടിവിക്കുകയും ചെയ്തു.തുടര്‍ന്ന് ഇദ്ദേഹത്തെ നാദാപുരത്തെത്തിച്ചു.തുടര്‍ന്ന് വീണ്ടും രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കുകയും ചെയ്ത ശേഷം പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തും എന്നുപറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.
ബ്രോക്കര്‍മാര്‍ എന്ന രീതിയില്‍ വ്യവസായിയെ കൂട്ടിക്കൊണ്ടു പോയവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ആണെന്ന് പിന്നീടാണ് മനസ്സിലായത്. ഇവരാണ് രണ്ടുലക്ഷം രൂപ നാദാപുരത്ത് വെച്ച് കൈപ്പറ്റിയത്. പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തും എന്നുപറഞ്ഞ് തുടര്‍ന്നും പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ ആണ് വ്യവസായി പോലിസില്‍ പരാതി നല്‍കിയത്. കേസിലെ മൂന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞുവരുന്ന മറ്റു പ്രതികളെ അന്വേഷിച്ചു വരുന്നതായി പോലിസ് പറഞ്ഞു.പ്രതികള്‍ ഇത്തരത്തില്‍ നിരവധി ആളുകളെ തട്ടിപ്പിനിരയായ ആക്കിയിട്ട് ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.എസ് ഐ മാരായ എസ് ടി അരുള്‍ , ഫുള്‍ജന്‍, എ എസ് ഐ മാരായ ഗോപി, എസ് സി പി ഒ മാരായ ഇഗ്‌നേഷ്യസ്, രാജേഷ്, പി ആര്‍ റെജി എന്നിവരും പ്രതികെ പിടികൂടാന്‍ നേതൃത്വം നല്‍കി.പ്രതിയെ കോടതില്‍ ഹാജരാക്കി.