കേരളാ പോലിസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും രക്ഷിക്കാനാണ് സൈബര്‍ ഡോമിന് രൂപം നല്‍കിയിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും തടയുകയും മാത്രമല്ല സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍കരണവും സൈബര്‍ ഡോമിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2020-02-15 12:21 GMT

കൊച്ചി: കേരള പോലിസ് ആധുനിക പാതയില്‍ അതിവേഗം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സൈബര്‍ ഡോം സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം, റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സ്,മയക്ക് മരുന്ന്് വ്യാപനത്തെ ചെറുക്കുന്നതിനായി കൊച്ചി പോലീസ് ആവിഷ്‌കരിച്ച 'യോദ്ധാവ്' മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും രക്ഷിക്കാനാണ് സൈബര്‍ ഡോമിന് രൂപം നല്‍കിയിരിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും തടയുകയും മാത്രമല്ല സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍കരണവും സൈബര്‍ ഡോമിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐ ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അന്വേഷിക്കുന്നതിനായാണ് സൈബര്‍ പോലിസ് സ്റ്റേഷന്‍ രൂപീകരിച്ചിട്ടുള്ളത്. വിവര സാങ്കേതിക മേഖലയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരെയാണ് സൈബര്‍ പോലിസ് സ്റ്റേഷനില്‍ നിയമിച്ചിട്ടുള്ളത്. ഓണ്‍ ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ സൈബര്‍ പോലിസ് സ്റ്റേഷന് സാധിക്കും. കൊച്ചി, തൃശൂര്‍, കോഴിക്കോട് സൈബര്‍ പോലിസ് സ്റ്റേഷനുകളിലൂടെ സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അതിവേഗം നടപടി സ്വീകരിക്കാന്‍ സാധിക്കും. കുറ്റാന്വേഷണ മേഖലയില്‍ ശാസ്്ത്രീയ തെളിവുകള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളത്.തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ക്ക് പുറമേ നാലാമതായി കൊച്ചിയില്‍ ആരംഭിച്ച ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കേസുകളിലെ അന്വേഷണ പുരോഗതിയില്‍ വേഗത കൈവരിക്കാന്‍ പുതിയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതുതലമുറയിലെ മയക്ക്മരുന്ന് വ്യാപനം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്ക്മരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനായി പോലീസ്, എക്സൈസ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണ്

. 'യോദ്ധാവ്' മോബൈല്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് മയക്ക്മരുന്ന് വിതരണവും ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായും രഹസ്യമായും പോലിസിന് കൈമാറുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതായും ചൂണ്ടിക്കാട്ടി. മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്‍ ? എവിടെ ? എപ്പോള്‍ ? എന്നീ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന 'യോദ്ധാവ്' മോബൈല്‍ ആപ്പില്‍ വിവരം കൈമാറുന്നവരുടെ വിവരങ്ങള്‍ പരിപൂര്‍ണ്ണ സുരക്ഷിതമായിരിക്കും. പോലീസിന്റെ 9995966666 എന്ന നമ്പറില്‍ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. വിവരം കൈമാറുന്ന വ്യക്തിയെ പോലിസിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്തവിധമാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. യോഗത്തില്‍ പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.ഡിജിപി ലോക്നാഥ് ബെഹ്റ,കെ ജെ മാക്സി എംഎല്‍എ, കൊച്ചിമേയര്‍ സൗമിനി ജെയിന്‍, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പ്രവീണ്‍, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ റുക്കിയ ജമാല്‍, പോലിസ് കമ്മീഷ്ണര്‍ വിജയ് സാഖറേ, ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി, ജില്ലാകലക്ടര്‍ എസ് സുഹാസ് പങ്കെടുത്തു. 

Tags:    

Similar News