ജൂണ്‍ 14ന് എറണാകുളം ജില്ലയില്‍ കടയടപ്പ് സമരവുമായി വ്യാപാരികള്‍

മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റുകടകള്‍ തുറക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജ്മല്‍ എന്നിവര്‍ പറഞ്ഞു

Update: 2021-06-11 11:29 GMT

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം 14 ന് എറണാകുളം ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജ്മല്‍ എന്നിവര്‍ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ലോക്ക് ഡൗണ്‍കാലത്തെ ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, സര്‍ക്കാര്‍ ഉത്തരവുപ്രകാരം അടച്ചിട്ടിരിക്കുന്ന കടകളുടെ വാടക ഒഴിവാക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക, കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രതിദിനം ശാസ്ത്രീയമായി പുനഃപരിശോധിക്കുക, ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം അനുവദിക്കുക, ജിഎസ്ടി ഉള്‍പ്പെടെയുളള നികുതികള്‍ അടയ്ക്കാന്‍ പിഴയില്ലാതെ 6 മാസത്തെ സമയം അനുവദിക്കുക, വ്യാപാര ക്ഷേമ ബോര്‍ഡില്‍ നിന്നും അടിയന്തിര ധനസഹായം അനുവദിക്കുക, വാക്സിന്‍ മുന്‍ഗണന പരിധിയില്‍ മുഴുവന്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തുക,

കടകളെ എംഎസ്എംഇ പരിധിയില്‍ ഉള്‍പ്പെടുത്തുക, കൊവിഡ് മൂലം മരണപ്പെട്ട വ്യാപാരികളുടെ കടങ്ങള്‍ എഴുതി തള്ളുക, ഹോട്ടലുകളിലും, ബേക്കറികളിലും ശാരീരിക അകലം പാലിച്ച് ഇരുന്ന് ഭക്ഷണം നല്‍കുന്നതിനുള്ള അനുവാദം, സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ അമിത അധികാരം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്പൂര്‍ണ്ണ കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡുമൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചെറുകിട ഇടത്തരം വ്യാപാരികളാണ്. ഒട്ടനവധിതവണ ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പൊടുത്തിയിട്ടും യാതൊരു പരിഗണനയും സര്‍ക്കാരിന്റെ ഭാഗത്തുനുന്നും ലഭിച്ചിട്ടില്ല. സ്വയം തൊഴില്‍ കണ്ടെത്തിയിരിക്കുന്ന വ്യാപാരികള്‍ക്കും കുടുംബമുണ്ട്, അവരുടെ ജീവിത മാര്‍ഗ്ഗം സമ്പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നു. കൂടാതെ ജപ്തി ഭീഷണിയും. ഇതാണ് ജില്ലയിലെ മുഴുവന്‍ കടകളും ജൂണ്‍ 14-ന് അടച്ചിട്ട് പ്രതിഷേധിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായതെന്നും ഇവര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം ഏകോപന സമിതിയില്‍ 45,000 ത്തോളം വ്യാപാരികള്‍ അംഗങ്ങളാണ്.അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ അടക്കം 14 ന് അടച്ചിടുമെന്നും ഇവര്‍ പറഞ്ഞു.

Tags:    

Similar News