കൊച്ചിയിലെ മയക്ക് മരുന്ന് കേസ് അട്ടിമറിച്ചെന്ന് ; എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ അന്വേഷണം തുടങ്ങി;മാന്‍ കൊമ്പ് വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു
എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)അബ്ദുള്‍ റാഷിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചിയിലെത്തിയ അഡീഷണല്‍ കമ്മീഷണര്‍ അബ്ദുള്‍ റാഷി പ്രാഥമിക അന്വേഷണം നടത്തി
കൊച്ചി: കാക്കനാട് ഫ്ളാറ്റില്‍ നിന്ന് മയക്ക് മരുന്നായ എംഡിഎംഎ പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അന്വേഷണം തുടങ്ങി. അഡീഷണല്‍ കമ്മീഷണര്‍ അബ്ദുള്‍ റാഷിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്ന് കൊച്ചിയിലെത്തിയ അഡീഷണല്‍ കമ്മീഷണര്‍ അബ്ദുള്‍ റാഷി പ്രാഥമിക അന്വേഷണം നടത്തി.കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയതിലെ പരിചയക്കുറവും വീഴ്ചയുമാണ് പ്രധാനമായും പരിശോധിക്കുക. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചതിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും അന്വേഷണ സംഘത്തിന് പിഴവ് പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും.
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് അബ്ദുള്‍ റാഷി പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു അതേ സമയം മയക്കുമരുന്ന് കേസില്‍ അട്ടിമറി നടന്നിട്ടില്ലെന്നും നടപടി ക്രമങ്ങളിലെ കാലതാമസമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് എക്‌സൈസ് നിലപാട്.ഫഌറ്റില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്ത 39 സെന്റീമീറ്റര്‍ നീളമുള്ള മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പിടിച്ചെടുത്ത മാന്‍കൊമ്പ് തൊണ്ടി മുതലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. റേഞ്ച് ഓഫീസര്‍ ധനിക് ലാലിന്റെ നേതൃത്വത്തിലാണ് എറണാകുളം എക്‌സൈസ് കമ്മീഷണറേറ്റ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന മാന്‍കൊമ്പ് കസ്റ്റഡിയിലെടുത്തത്. ഇത് നാളെ പെരുമ്പാവൂര്‍ എഫ്‌സിജെഎം കോടതിയില്‍ ഹാജരാക്കും.