വ്യവസായ യന്ത്ര പ്രദര്‍ശന മേള ' മെഷിനറി എക്‌സ്‌പോ 2022' ന് കൊച്ചിയില്‍ തുടക്കം
മന്ത്രി പി രാജീവ് എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കലൂര്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ജനുവരി 27 വരെയാണ് പ്രദര്‍ശനം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേള 'മെഷിനറി എക്‌സ്‌പോ 2022' ന് കൊച്ചിയില്‍ തുടക്കമായി.കലൂര്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിലാണ് എക്‌സ്‌പോ തുടങ്ങിയിരിക്കുന്നത്.മന്ത്രി പി രാജീവ് ഓണ്‍ലൈനായി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് വ്യവസായാനുകൂലാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ അവരുടെ മനോഭാവത്തിലും പ്രവര്‍ത്തനത്തിലും ഇനിയും മാറാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരും മാറി ചിന്തിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
കൂടുതല്‍ സംരംഭങ്ങള്‍ ഇവിടെ ആരംഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തിനും ഗുണകരമാകു.സംസ്ഥാനത്തിന് കൂടുതല്‍ വരുമാനത്തിനും ഇത് ഉപകരിക്കും.സര്‍ക്കാരിന് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കണമെങ്കില്‍ വരുമാനം കൂടുതല്‍ ലഭിക്കണം. സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും എല്ലാ വകുപ്പുകളുടേയം പൊതു സമൂഹത്തിന്റെയും പിന്തുണ വേണം. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ച തുടരുകയാണ്. അതോടൊപ്പം ബാങ്കേഴ്‌ന് യോഗവും ചേര്‍ന്നു. ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. ഒരു വര്‍ഷത്തിനകം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും എല്ലാ വകുപ്പുകളും പൊതുജനങ്ങളും ഒന്നിച്ചു നിന്നാലേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും പുതിയ സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനവും ലഭ്യമാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സംരംഭകര്‍ക്ക് പുതിയ അറിവുകള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. സംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രദര്‍ശനം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.കൊച്ചി മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സ്‌പോ ഡയറക്ടറിയുടെ പ്രകാശനം ഹൈബി ഈഡന്‍ എം പി നിര്‍വഹിച്ചു. ടി ജെ വിനോദ് എം എല്‍ എ വിശിഷ്ടാതിഥിയായിരുന്നു.
വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാര്‍ഷിക ഭക്ഷ്യസംസ്‌കരണം, ജനറല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകളാണു മേളയില്‍ ഒരുക്കുന്നത്.കൊവിഡ് വ്യാപനത്തിന്റെ പഞ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് എക്‌സ്‌പോ നടത്തുന്നത്. എക്‌സിബിറ്റേഴ്‌സ് ആയി മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ മേള സന്ദര്‍ശിക്കുവാന്‍ അനുവദിക്കൂ. കൂടാതെ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസേഷന്‍ ഉറപ്പുവരുത്തിക്കൊണ്ട് മാത്രം മേളയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ പ്രവേശന കവാടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
മേള സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് http://machineryexpokerala.in/visitor register എന്ന ലിങ്ക് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക് സൗകര്യവും മേളയില്‍ ഒരുക്കും. 38,050 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ചാണ് പരിപാടി.പരമാവധി ജനങ്ങള്‍ക്ക് മേള ഉപകാരപ്രദമാക്കുന്നതിനായി വ്യവസായ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യു ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയിലും മേളയില്‍ പങ്കെടുക്കുന്ന സ്റ്റാളുകളുടെ വിശദവിവരങ്ങളും യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അടങ്ങുന്ന വീഡിയോകള്‍ ലഭ്യമാക്കും. 2022 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള വലിയൊരു കാല്‍വെയ്പ്പ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്ക് പ്രയോജനകരമാണ് എക്‌സ്‌പോയെന്ന് വ്യവസായ വകുപ്പ് അധികൃതര്‍ പറഞ്ഞു.