കിഴക്കമ്പലത്ത് പോലിസിനെ ആക്രമിച്ച സംഭവം: അറസ്റ്റു ചെയ്തവരില്‍ 151 പേര്‍ നിരപരാധികളെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിലെ യഥാര്‍ഥ പ്രതികളെ തങ്ങള്‍ കണ്ടെത്തി സ്ഥിരീകരിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.തന്നോടുള്ള വ്യക്തി വൈര്യഗ്യം മൂലം സര്‍ക്കാര്‍ നിരപരാധികളെ ജെയിലിലടയ്ക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.യഥാര്‍ഥ പ്രതികളെ പിടികൂടുന്നതില്‍ തങ്ങള്‍ എതിരല്ല അതിന്റെ മറവില്‍ നിരപരാധികളെ ശിക്ഷിക്കുന്നത് അംഗീകരിക്കില്ല
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെതിരേ ആക്രമണം അഴിച്ചുവിടുകയും പോലിസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ പോലിസ് അറസ്റ്റു ചെയ്തവരില്‍ 13 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികളെന്നും ബാക്കി 151 പേരും നിരപരാധികളാണെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോലിസ് മുന്‍വിധിയോടെ പെരുമാറുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിലെ യഥാര്‍ഥ പ്രതികളെ തങ്ങള്‍ കണ്ടെത്തി സ്ഥിരീകരിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.
12 ലൈന്‍ ക്വാര്‍ട്ടേഴ്‌സുകളുള്ളതില്‍ മൂന്നു ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മാത്രമാണ് പോലീസ് അറസ്റ്റു ചെയ്തത്.പോലിസ് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ 151 പേര അറസ്റ്റു ചെയ്തതെന്നും സര്‍ക്കാരിന് മനസാക്ഷിയുണ്ടെങ്കില്‍ ഇവരെ വിട്ടയ്ക്കുകയാണ് വേണ്ടതെന്നും സാബു ജേക്കബ് വ്യക്തമാക്കി.പോലിസ് അറസ്റ്റു ചെയ്ത164 പേരില്‍ 152പേരെ കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്.ബാക്കിയുള്ള 12 പേര്‍ ആരാണെന്ന് അറിയില്ല.തന്നോടുള്ള വ്യക്തി വൈര്യഗ്യം മൂലം സര്‍ക്കാര്‍ നിരപരാധികളെ ജെയിലിലടയ്ക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.
യഥാര്‍ഥ പ്രതികളെ ശിക്ഷിക്കുന്നതില്‍ തങ്ങള്‍ എതിരല്ല അതിന്റെ മറവില്‍ നിരപരാധികളെ ശിക്ഷിക്കുന്നത് അംഗീകരിക്കില്ല.സര്‍ക്കാര്‍ ട്വന്റി20 യോടും തന്നോടും രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ്.കിറ്റെക്‌സ് പൂട്ടണമെങ്കില്‍ അതിനും താന്‍ തയ്യാറാണ്.ഇതിന്റെ പേരില്‍ നിരപരാധികളെ ശിക്ഷിക്കാന്‍ പാടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.പരിക്കേറ്റ പോലിസുകാരുടെ ചികില്‍സ ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും സാബു ജേക്കബ് പറഞ്ഞു.