കശുവണ്ടി ഫാക്ടറിയുടെ പേരില്‍ സ്ഥലം ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
കോതമംഗലം കീരംപാറ ഊമ്പക്കാട്ട് വീട്ടില്‍ ജിന്റോ വര്‍ക്കി (35) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: കശുവണ്ടി ഫാക്ടറിയുടെ പേരില്‍ സ്ഥലം ഉടമയെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയും സ്ഥലം ഉടമയുടെ പേരില്‍ വ്യാജ ഒപ്പിട്ട് ആള്‍മാറാട്ടം നടത്തി വാഹനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്ത കേസില്‍ മുഖ്യ പ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന കോതമംഗലം കീരംപാറ ഊമ്പക്കാട്ട് വീട്ടില്‍ ജിന്റോ വര്‍ക്കി (35) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്.
കോതമംഗലം ചെറുവട്ടൂര്‍ സ്വദേശിയായ പരാതിക്കാരനെയാണ് ഇയാള്‍ കബളിപ്പിച്ചത്. പരാതിക്കാരന്റെ കൈവശമുണ്ടായിരുന്നു 50 സെന്റ് വസ്തു കശുവണ്ടി വ്യവസായം തുടങ്ങുന്നതിന് ലീസിന് കൊടുത്താല്‍ മുപ്പതിനായിരം രൂപ വാടകയും, അവിടെ ആരംഭിക്കുന്ന കമ്പനിയുടെ പാര്‍ട്ട്ണര്‍ഷിപ്പ്, ബിസിനസ് ഷെയര്‍ എന്നിവ കൊടുക്കാമെന്നു പറഞ്ഞ് വിശ്വാസിപ്പിക്കുകയായിരുന്നു. കൂടാതെ വ്യവസായം നടത്തുന്നതിന് ഈ വസ്തു ഈടു നല്‍കി ലോണ്‍ തരപ്പെടുത്തിയെടുത്ത് വ്യവസായത്തിന് കിട്ടുന്ന സബ്‌സിഡി തുകയും പരാതിക്കാരന് നല്‍കാമെന്നേറ്റിരുന്നു. ലോണ്‍ തുക നൂറു തവണകളായി അടച്ച് തീര്‍ത്തു കൊള്ളാമെന്നു വിശ്വസിപ്പിച്ച് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള വസ്തു മില്‍ട്ടണ്‍ കാഷ്യൂസ് എന്ന പേരില്‍ കമ്പനി തുടങ്ങുന്നതിനായി മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ നെല്ലിക്കുഴി ശാഖയില്‍ നിന്നും 2018 നവംബറില്‍ പണയപ്പെടുത്തി 40 ലക്ഷം രൂപ ജിന്റോ തന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയതു. കമ്പനി പ്രവര്‍ത്തനം തുടങ്ങി മൂന്നുമാസം കഴിഞ്ഞ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.
വാഗ്ദാനം ചെയ്ത മാസ വാടകയും, കമ്പനി ഷെയര്‍, പാര്‍ട്ട്ണര്‍ഷിപ്പ്, സബ്‌സിഡി തുക എന്നിവയൊന്നും തന്നെ പരാതിക്കാരന് നല്‍കിയില്ല. തുടര്‍ന്ന് പരാതിക്കാരില്‍ നിന്നും നേരത്തെ കൈവശപ്പെടുത്തിയ വസ്തുവിന്റെ രേഖകള്‍, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ മൂവാറ്റുപുഴയിലുള്ള ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നിവരുടെ ഒത്താശയോടെ പരാതിക്കാരന്‍ അറിയാതെ ഇദ്ദേഹത്തെ ഒന്നാം ജാമ്യക്കാരന്‍ ആക്കി വ്യാജ ഒപ്പിട്ട് 2019 മാര്‍ച്ചില്‍ ഇന്നോവ കാര്‍ വാങ്ങുന്നതിന് പത്തുലക്ഷം രൂപ ലോണ്‍ എടുത്തു. മറ്റൊരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും ഇതേ പോലെ 5 ലക്ഷം രൂപയും വായ്പ എടുത്തു വാഹനം വാങ്ങി ലോണ്‍ കുടിശിക വരുത്തി. ഇത് കൂടാതെ പരാതിക്കാരനില്‍ നിന്നുംകൈവശപ്പെടുത്തിയ രേഖകള്‍ ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് മുംബൈയിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങി.
പരാതിക്കാരന്റെ അമ്മാവനില്‍ നിന്നും ബാങ്ക് ലോണ്‍ ലഭിക്കുമ്പോള്‍ തിരികെ കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു എട്ടു ലക്ഷം രൂപയും ജിന്റെ വായ്പയായി വാങ്ങിയിരുന്നുവെന്നും പോലിസ് പറഞ്ഞു. പരാതിക്കാരന്റെ കൈവശമുള്ള സ്ഥലം ഇയാള്‍ക്ക് കൈമാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജിന്റോയ്‌ക്കെതിരെ കേരളത്തിലുടനീളം വിവിധ പോലിസ് സ്റ്റേഷനുകളിലായി പതിനേഴ് കേസുകള്‍ ഉണ്ടെന്നും പോലിസ് പറഞ്ഞു. എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാര്‍, കോതമംഗലം ഇന്‍സ്‌പെക്ടര്‍ ബി അനില്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ അനൂപ് മോന്‍, എസ്‌സിപിഒ മാരായ ജയന്‍, ഷിയാസ്, ഷക്കീര്‍, സിപിഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ്പി അറിയിച്ചു.