കിറ്റക്‌സ് മുതലാളി കോര്‍പ്പറേറ്റ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി നുണപ്രചരണം നടത്തുന്നു: എസ്ഡിപി ഐ

കിറ്റക്‌സ് കമ്പനിയില്‍ നിന്നും രാസമാലിന്യവും മനുഷ്യ വിസര്‍ജ്ജ്യവും കലര്‍ന്ന മലിന ജലം ഒരു പ്രദേശത്തെ ജലസ്രോതസ്സുകളും പ്രകൃതിയും മലിനവും രോഗാതുരമാക്കി. ഇതേ തുടര്‍ന്നുണ്ടായ ജനരോക്ഷം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് കിറ്റക്‌സ് മുതലാളി ട്വന്റി20 എന്ന കോര്‍പ്പറേറ്റ് സംഘടന ആരംഭിച്ചതെന്ന് എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയംഗം സൈനുദ്ദീന്‍ പള്ളിക്കര,കിഴക്കമ്പലം മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗവും എസ്ഡിപി ഐ മണ്ഡലം കമ്മിറ്റി അംഗവുമായ അബ്ദുറഹ്മാന്‍ ചേലക്കുളം, മണ്ഡലം കമ്മിറ്റി അംഗം അഫ്‌സല്‍ പെരിങ്ങാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു

Update: 2021-03-30 10:00 GMT

കൊച്ചി: കിഴക്കമ്പലത്തെ ജനങ്ങളെയും പരിസ്ഥിതിയെയും ചൂഷണം ചെയ്തു വളര്‍ന്ന കിറ്റക്‌സ് മുതലാളി കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ വിജയത്തിനായി നുണ പ്രചരിപ്പിക്കുകയാണെന്ന് എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയംഗം സൈനുദ്ദീന്‍ പള്ളിക്കര,കിഴക്കമ്പലം മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗവും എസ്ഡിപി ഐമണ്ഡലം കമ്മിറ്റി അംഗവുമായ അബ്ദുറഹ്മാന്‍ ചേലക്കുളം, മണ്ഡലം കമ്മിറ്റി അംഗം അഫ്‌സല്‍ പെരിങ്ങാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കിറ്റക്‌സ് കമ്പനിയില്‍ നിന്നും രാസമാലിന്യവും മനുഷ്യ വിസര്‍ജ്ജ്യവും കലര്‍ന്ന മലിന ജലം ഒരു പ്രദേശത്തെ ജലസ്രോതസ്സുകളും പ്രകൃതിയും മലിനവും രോഗാതുരമാക്കി. ഇതേ തുടര്‍ന്നുണ്ടായ ജനരോഷം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് കിറ്റക്‌സ് മുതലാളി ട്വന്റി20 എന്ന കോര്‍പ്പറേറ്റ് സംഘടന ആരംഭിച്ചതെന്നും ഇവര്‍ ആരോപിച്ചു.മലിനീകരണത്തിനെതിരെ രാഷ്ട്രീയ ഭേദമെന്യേ ജനകീയ സമരസമിതി രൂപീകരിച്ച് നടത്തിവരുന്ന പ്രതിഷേധങ്ങളും സമരങ്ങളും ഇപ്പോഴും തുടരുകയാണെന്നും എസ് ഡി പി ഐ നേതാക്കള്‍ പറഞ്ഞു.

ഇതില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് ഭരണം പിടിച്ചടക്കിയത്.പഞ്ചായത്തില്‍ നിന്നും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്റ്റോപ്പ് മെമ്മോ ലഭിച്ചെങ്കിലും ഇടതുവലത് രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച് ഇതെല്ലാം ഇവര്‍ അട്ടിമറിക്കുകയാണെന്നും ഇടത് വലത് നേതാക്കന്മാര്‍ ഇതിന് മറുപടി പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സുരക്ഷാ ഭീഷണി നേരിടുന്ന ഘട്ടത്തില്‍ ഒരു നിലപാടുമില്ലാത്ത ട്വന്റി20 കോര്‍ഡിനേറ്റര്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും സമരം ചെയ്യുന്നത് അനാവശ്യമാണെന്നും ഇത്തരം സമരങ്ങള്‍കൊണ്ട് യാതൊരു ഗുണവും ഉണ്ടാവില്ലെന്നും പറയുന്നതിലൂടെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുകയാണെന്നും എസ്ഡിപി ഐ നേതാക്കള്‍ ആരോപിച്ചു.

Tags:    

Similar News