എല്ലാവര്‍ക്കും നന്ദി ; ലാലിടീച്ചറിന്റെ തുടിക്കുന്ന ഹൃദയവുമായി ലീന ആശുപത്രിയുടെ പടിയിറങ്ങി

കോതമംഗലം സ്വദേശി ലീന മെയ് ഒന്‍പതിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എറണാകുളം ലിസി ആശുപത്രിയില്‍ വിധേയയായത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ടീച്ചറുടെ (50) ഹൃദയമാണ് ഇപ്പോള്‍ ലീനയില്‍ മിടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തിരുന്ന ഹെലികോപ്ടറില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ച് ലീനയില്‍ തുന്നിച്ചേര്‍ത്തത്

Update: 2020-06-01 11:26 GMT

കൊച്ചി: എല്ലാവര്‍ക്കും നന്ദി പറഞ്ഞ് തിരുവനന്തപുരത്ത് നിന്നും വ്യോമമാര്‍ഗം എത്തിച്ച് തുന്നിച്ചേര്‍ത്ത ഹൃദയവുമായി കോതമംഗലം സ്വദേശി ലീന ആശുപത്രിയുടെ പടിയിറങ്ങി.ഹൃദയം അമിതമായി വികസിക്കുന്ന രോഗത്തിന് അടിമായായിരുന്ന കോതമംഗലം സ്വദേശി ലീന മെയ് ഒന്‍പതിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എറണാകുളം ലിസി ആശുപത്രിയില്‍ വിധേയയായത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ടീച്ചറുടെ (50) ഹൃദയമാണ് ഇപ്പോള്‍ ലീനയില്‍ മിടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തിരുന്ന ഹെലികോപ്ടറില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം ലഭ്യമായത്. ലാലിടീച്ചറില്‍ നിന്നും എടുത്ത ഹൃദയം നാലുമണിക്കൂറിനുള്ളില്‍ ലീനയില്‍ മിടിച്ചു തുടങ്ങിയത് ചികില്‍സയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി.


അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മാറ്റിയ ലീന ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണ്. തുടര്‍പരിശോധനകള്‍ക്കും വിശ്രമത്തിനുമുള്ള സൗകര്യത്തിനായി വടുതലയിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ലീന പോയത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗ്ഗം ഹൃദയം എത്തിച്ചു ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ മാത്യു അച്ചാടനും സന്ധ്യയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ലീനയെ സന്ദര്‍ശിച്ചിരുന്നു.ആശുപത്രി വിടുന്നതിന് മുന്‍പ് ലീനയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കിയിരുന്നു. ഏറ്റവും പ്രധാനമായ എന്‍ഡോമയോകാര്‍ഡിയല്‍ ബയോപ്‌സി പരിശോധനയില്‍ വളരെ മികച്ച ഫലമാണ് ലഭിച്ചത്.

ലീനയുടെ ആരോഗ്യനില പരിപൂര്‍ണ്ണ തൃപ്തികരമാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തി സാധാരണ ജീവിതവുമായി മുന്നോട്ട് പോകാനാകുമെന്നും ശസ്ത്രിക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. ജോ ജോസഫ്, ഡോ. ഷൈലേഷ് കുമാര്‍, ഡോ. ജീവേഷ് തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ഹമീദ, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ശസ്ത്രക്രിയയിലും, തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.

കേക്ക് മുറിച്ച് സന്തോഷം പങ്കു വച്ചാണ് ലീനയെ ലിസി ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ലീനയുടേത് ലിസി ആശുപത്രിയില്‍ നടന്ന ഇരുപത്തിനാലാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. ആരോഗ്യമന്ത്രി കെ കെ ഷൈലജ വീഡിയോ കോള്‍ വഴി ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, കെഎന്‍ഒഎസ് മധ്യമേഖല നോഡല്‍ ഓഫീസര്‍ ഡോ. ഉഷ സാമുവല്‍ കുട്ടികള്‍ക്ക് ഡോണര്‍ കാര്‍ഡ് നല്‍കി. എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ. ലാല്‍ജി ആശംസകള്‍ നേര്‍ന്നു. മറ്റൊരു കുടുംബത്തിന്റെ മഹാദാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി തങ്ങളുടെ അമ്മയ്ക്ക് ലഭിച്ച പുതുജീവന് പകരമായി തങ്ങളുടെ സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സമ്മതമാണെന്ന് ലീനയുടെ എം ടെക് വിദ്യാര്‍ഥിയായ ഷിയോണയും നിയമവിദ്യാര്‍ഥിയായ സഹോദരന്‍ ബേസിലും ചടങ്ങില്‍ അറിയിച്ചു.

Tags:    

Similar News