മലയാറ്റൂര്‍ സ്‌ഫോടനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം: പ്രത്യേക പോലിസ് സംഘം അന്വേഷണം തുടങ്ങി

കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്‌നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് നാടിനെ നടുക്കിയസംഭവം ഉണ്ടായത്.

Update: 2020-09-22 05:06 GMT

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടയക്ക് സമീപം കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു.ക്വാറി ഉടമകള്‍ ഒളിവില്‍.കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്‌നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് നാടിനെ നടുക്കിയസംഭവം ഉണ്ടായത്. സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്ര അടി വീട് സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടു. ചുറ്റുപാടുകളിലെ വീടുകളുടെ ജനല്‍ പാളിയുടെ ചില്ലുകളും ചില വീടുകള്‍ക്ക് നേരിയ പൊട്ടലും സ്‌ഫോടനത്തില്‍ സംഭവിച്ചിട്ടുണ്ട്. മരിച്ച രണ്ട് പേരും കെട്ടിടത്തില്‍ ക്വാറന്റൈനിലായിരന്നു.പെരുമ്പാവൂര്‍ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വലാണ് അന്വേഷണം. സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരെത്തി പ്രാഥമിക അന്വേഷണം നടത്തി. സൈന്റിഫിക് ടീമും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടറും ഇന്നലെ ഉത്തരവിട്ടിരുന്നു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കും. തഹസീല്‍ദാരുടെ പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സ്പ്‌ളോസീവ്‌സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഡോ.ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപം സ്ഥാപിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതില്‍ ക്വാറി ഉടമസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പുത്തേന്‍ ദേവസിക്കുട്ടി മകന്‍ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മഴയെത്തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ പാറമട നടത്തിപ്പുകാരന്റെയും,ഉടമസ്ഥന്റെയും പേരില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News