ചെല്ലാനം മാതൃകാ മല്‍സ്യ ഗ്രാമമാക്കും;പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്ത് ആദ്യം
കടലാക്രമണ ഭീഷണി നേരിടുന്നതിന് 18 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ഇവിടെ നടപ്പാക്കും. ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലവിലുള്ള 8 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.സംസ്ഥാനത്തിന്റെ തീരദേശ വികസനത്തിനായി പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പാക്കേജ് അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു
കൊച്ചി: ഫിഷറീസ് വകുപ്പിന്റെ മാതൃകാ മല്‍സ്യഗ്രാമം പദ്ധതി സംസ്ഥാനത്ത് ആദ്യമായി ചെല്ലാനത്ത് നടപ്പാക്കും.എറണാകുളത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കടലാക്രമണ ഭീഷണി നേരിടുന്നതിന് 18 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ഇവിടെ നടപ്പാക്കും. ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലവിലുള്ള 8 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
സംസ്ഥാനത്തിന്റെ തീരദേശ വികസനത്തിനായി പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പാക്കേജ് അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചെല്ലാനത്ത് കടലാക്രമണം ഉണ്ടായ പ്രദേശങ്ങള്‍ വ്യവസായ മന്ത്രി പി രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. ഇതിനു ശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ചെല്ലാനത്തെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.
തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് മാതൃകാ മത്സ്യഗ്രാമം. ഈ പദ്ധതിയില്‍ ആദ്യമായി ഏറ്റെടുക്കുന്നത് ചെല്ലാനം പഞ്ചായത്ത് ആയിരിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരദേശ വികസന അതോറിറ്റി എം ഡി ഷേക്ക് പരീതിനെ ചുമതലപ്പെടുത്തി.പദ്ധതി നിര്‍വ്വഹണത്തിനായി രണ്ട് സമിതികള്‍ രൂപീകരിച്ചു. പൊതു മേല്‍നോട്ടത്തിനായി വ്യവസായ മന്ത്രി പി രാജീവ് രക്ഷാധികാരിയായ സമിതിയേയും സാങ്കേതിക മേല്‍നോട്ടത്തിനായി തീരദേശ വികസന അതോറിറ്റി എം ഡി ഷേക്ക് പരത് അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റിയെയും നിശ്ചയിച്ചു.
കടലാക്രമണം നേരിടുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി അനുവദിച്ച രണ്ടു കോടി രൂപ ഉടനെ വിനിയോഗിക്കും.ഒന്നാം പിണറായി സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയിലുള്‍പ്പെടുത്തി ആവിഷ്‌കരിച്ച 16 കോടി രൂപയുടെ കടല്‍ഭിത്തി നിര്‍മ്മാണ പദ്ധതി ടെട്രാബോര്‍ഡ് കവചം സ്ഥാപിക്കാനായി ഉപയോഗിക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ജൂണ്‍ 25 ന് പൂര്‍ത്തിയാക്കും. വിജയന്‍ തോട്, ഉപ്പുതോട് ശുചീകരണം ഉടനടി പൂര്‍ത്തിയാക്കും. ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനുള്ള 8 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണ്. ഇതിനുള്ള മണല്‍ കൊച്ചി തുറമുഖത്ത് നിന്ന് ലഭ്യമാക്കും.
ചെല്ലാനത്ത് ഉടനടി നടപ്പാക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതുമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.ചെല്ലാനം ബസാര്‍ ഭാഗത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമേ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ജെ മാക്‌സി, കെ എന്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് പി ഡി പ്രസാദ്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, തീരദേശ വികസന അതോറിറ്റി എം ഡി ഷേക്ക് പരീത്, സബ് കലക്ടര്‍ ഹാരിസ് റഷീദ്, ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍ പങ്കെടുത്തു.