ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബുകള്‍
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.പരിശോധന, അവബോധം, പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഈ ലാബുകളുടെ പ്രവര്‍ത്തനം. എറണാകുളം ജില്ലയില്‍ ഒരു ഭക്ഷ്യപരിശോധനാ ലാബാണ് പ്രവര്‍ത്തിക്കുന്നത്
കൊച്ചി: ഭക്ഷണ പദാര്‍ഥങ്ങളിലെ മായം കണ്ടെത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുകള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.പരിശോധന, അവബോധം, പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഈ ലാബുകളുടെ പ്രവര്‍ത്തനം. എറണാകുളം ജില്ലയില്‍ ഒരു ഭക്ഷ്യപരിശോധനാ ലാബാണ് പ്രവര്‍ത്തിക്കുന്നത്. ചന്തകള്‍, മല്‍സ്യ വ്യാപാരകേന്ദ്രങ്ങള്‍, ബീച്ച് തുടങ്ങിയ പൊതുഇടങ്ങളിലെത്തി പരിശോധന നടത്തിവരുന്നു.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ കൊണ്ടുവന്ന് പരിശോധന നടത്താം. കൂടാതെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന സാമ്പിളുകളുടെ പ്രാഥമിക പരിശോധനയും ഈ ലാബുകളില്‍ നടക്കുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കൂടുതല്‍ നിയമനടപടികള്‍ ആവശ്യമുള്ള സാഹചര്യത്തില്‍ മറ്റ് ലാബുകളിലേക്ക് സാമ്പിളുകള്‍ കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.മാസത്തില്‍ രണ്ടുദിവസം വീതം എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബ് എത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനമുണ്ട്. വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള റിഫ്രോക്ടോമീറ്റര്‍, വെള്ളത്തിന്റെ പിഎച്ച് അളക്കുന്നതിന് പിഎച്ച് മീറ്റര്‍, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മില്‍ക്ക് അനലൈസര്‍, എണ്ണയുടെ കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള ഫ്രൈഓയില്‍ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാഹനത്തിലുണ്ട്. ടെക്‌നീഷ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘം സഞ്ചരിക്കുന്ന ലാബിനൊപ്പമുണ്ട്. ഭക്ഷ്യസുരക്ഷയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണം നടത്താന്‍ ഉച്ചഭാഷിണി, ടി.വി സ്‌ക്രീനിംഗ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.