പശ്ചിമബംഗാള്‍ സ്വദേശിയുടെ പണം പിടിച്ചുപറിച്ച സംഭവം: പ്രതി പിടിയില്‍
മുവാറ്റുപുഴ കുര്യന്മല ഭാഗത്ത് കടാതി പാലത്തിങ്കല്പുത്തന്പുര വീട്ടില്‍ നൈസാബ് (20) ആണ് മൂവാറ്റുപുഴ പോലിസിന്റെ പിടിയിലായത്
കൊച്ചി: മുവാറ്റുപുഴ കീച്ചേരിപടിയില്‍ ഓണ്ലൈന്ഷോപ്പ് നടത്തിവന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ പണം പിടിച്ചുപറിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍. മുവാറ്റുപുഴ കുര്യന്മല ഭാഗത്ത് കടാതി പാലത്തിങ്കല്പുത്തന്പുര വീട്ടില്‍ നൈസാബ് (20) ആണ് മൂവാറ്റുപുഴ പോലിസിന്റെ പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ച് മണി ട്രാന്‍സ്ഫര്‍, ടിക്കറ്റ് ബുക്കിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓണ്ലൈന്ഷോപ്പിന്റെ നടത്തിപ്പുകാരനായ പശ്ചിമബംഗാള്‍ സ്വദേശി കട അടച്ച് പുറത്ത് ഇറങ്ങുന്ന സമയം ഇയാളുടെ കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിച്ച് സ്കൂട്ടറില്‍ രക്ഷപെടുകയായിരുന്നു പ്രതിയെന്ന് പോലിസ് പറഞ്ഞു.
പരാതി കിട്ടി നിമിഷങ്ങള്‍ക്കകം പ്രദേശത്തെ സിസിടിവി കാമറ ഉള്‍പ്പടെ പരിശോധന നടത്തി ഇന്‍സ്പെക്ടര്‍ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെയും നഷ്ടപെട്ട പണവും ഇതിനായി ഉപയോഗിച്ച സ്കൂട്ടര്‍ അടക്കം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്വേഷണസംഘത്തില്‍ എസ് ഐ വി കെ ശശികുമാര്‍, എഎസ്ഐ മാരായ സി എം രാജേഷ്, പി സി ജയകുമാര്‍, സീനിയര്‍ സിപിഒ അഗസ്റ്റിന് ജോസഫ്, കെ എസ്.ഷനില്‍ എന്നിവരുമുണ്ടായിരുന്നു.