അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍
മുവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകക്ക് താമസിക്കുന്ന വാഗമണ്‍ കാപ്പിപതാല്‍ കരയില്‍ കുറ്റിയില്‍ വീട്ടില്‍ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മനോജ് (46) നെ മൂവാറ്റുപുഴ പോലിസ് അറസ്റ്റുചെയ്തത്
കൊച്ചി: അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മുവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകക്ക് താമസിക്കുന്ന വാഗമണ്‍ കാപ്പിപതാല്‍ കരയില്‍ കുറ്റിയില്‍ വീട്ടില്‍ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മനോജ് (46) നെ മൂവാറ്റുപുഴ പോലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു സംഭവം. അമ്മ അയല്‍വാസികളോട് തന്നെക്കുറിച്ച് അപവാദം പറഞ്ഞു എന്നാരോപിച്ച് വീട്ടില്‍ വച്ച് അമ്മയുമായി വഴക്കിടുകയും, അമ്മയുടെ തലയും മുഖവും അടുക്കളയിലെ ഭിത്തിയില്‍ ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ശര്‍ദ്ദിച്ച് അവശയായ ശാന്തമ്മയെ മനോജ് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തി മുഖത്തിടിക്കുകയും കഴുത്തില്‍ ഞെക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
രാത്രി രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയും, പരിസരം കഴുകി വൃത്തിയാക്കിയും തെളിവുകള്‍ നശിപ്പിച്ചു. പിറ്റേ ദിവസം രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് വ്യാജേന അയല്‍ക്കാരെ അറിയിക്കുകയും, അയല്‍വാസികള്‍ വന്ന് നോക്കിയപ്പോള്‍ മരിച്ചുകിടക്കുന്ന ശാന്തമ്മയെയാണ് കണ്ടത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ സി ജെ മാര്‍ട്ടിന്‍, എം കെ സജീവന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും.
വാഗമണ്ണില്‍ നിന്നും കഴിഞ്ഞ് 10 വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ മനോജ് വര്‍ക്ക് ഷോപ്പ് ജോലി ചെയ്ത് പള്ളിച്ചിറങ്ങരയില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സി െക ബഷീര്‍, എസ് എന്‍ ഷീല., സിവില്‍ പോലിസ് ഓഫീസര്‍ സന്ധ്യ എന്നിവരും ഉണ്ടായിരുന്നു