യുവതിയുമായുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ആശുപത്രിജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം; ക്വട്ടേഷന്‍ എടുത്ത പ്രതികള്‍ അറസ്റ്റില്‍
പാലക്കാട് സ്വദേശികളുമായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശിയായ സുല്‍ഫി(36), ഇടുക്കി സ്വദേശിയായ നിധിന്‍ കുമാര്‍(30) എന്നിവെരയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്
കൊച്ചി: യുവതിയുമായുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍.ജീവനക്കാരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതികളും പാലക്കാട് സ്വദേശികളുമായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശിയായ സുല്‍ഫി(36), ഇടുക്കി സ്വദേശിയായ നിധിന്‍ കുമാര്‍(30) എന്നിവെരയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്. പാലക്കാട് ആശുപത്രിയില്‍ ജോലി ചെയ്തുവരവേ യുവതി സഹപ്രവര്‍ത്തകനായ പരാതിക്കാരനുമായി പരിചയത്തിലാവുകയും പിന്നീട് ഇയാള്‍ എറണാകുളത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു പോവുകയും ചെയ്തു. എന്നാല്‍ യുവതിയുമായി ഫോണിലൂടെ സൗഹൃദം തുടര്‍ന്നത് ഇഷ്ടപ്പെടാത്ത യുവതിയുടെ ഭര്‍ത്താവ് പരാതിക്കാരനെ താക്കീത് ചെയ്തിരുന്നു.
ഇതിനിടെ പരാതിക്കാരന്‍ യുവതിയുമൊന്നിച്ചുള്ള ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതില്‍ പ്രകോപിതനായ യുവതിയുടെ ഭര്‍ത്താവ് പരാതിക്കാരനെ വകവരുത്തുവാന്‍ അജീഷിന് 1.5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം എറണാകുളം ഹോമിയോ ആശുപത്രി പരിസരത്തെത്തി പരാതിക്കാരന്‍ ആശുപത്രിയിലേക്ക് വരുന്ന സമയം നോക്കി കുത്തി കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. ഈ മാസം 18ന് രാവിലെ 8ന് ഹോമിയോ ആശുപത്രിയില്‍ ജോലിക്കെത്തുന്ന സമയത്ത് കാറില്‍ കാത്തിരുന്ന പ്രതികള്‍ പരാതിക്കാരനെ തടഞ്ഞു നിര്‍ത്തി നെഞ്ചിലും വയറിലും കുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ മുന്‍പരിചയം ഇല്ലെന്ന് പരാതിക്കാരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ക്വട്ടേഷന്‍ നല്‍കിയത് ആണെന്നുള്ള നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേരുകയും തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കുകയും ചെയ്തു.
ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കോഴിക്കോട് പാലക്കാട് ഭാഗങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജി അറിയിച്ചു. എറണാകുളം ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ വി ബി അനസ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ബിജു, സാജന്‍, രമേശ് സിവില്‍ പോലിസ് ഓഫിസര്‍മാരായ വിനീത്, ഫെബിന്‍, പ്രവീണ്‍, സുനില്‍, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.