അന്തരിച്ച പത്രപ്രവര്‍ത്തകന്‍ വി പി രാമചന്ദ്രന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക് രണ്ടിന്

രാമചന്ദ്രന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 വരെ മാവേലിപുരം എംആര്‍എ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും

Update: 2022-05-12 04:50 GMT

കൊച്ചി: അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി പി രാമചന്ദ്രന്‍ (98)ന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃക്കാക്കര മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 വരെ മാവേലിപുരം എംആര്‍എ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇന്നലെ രാത്രി എട്ടോടെ കാക്കനാട് മാവേലിപുരത്തെ വീട്ടില്‍ വെച്ചായിരുന്നു രാമചന്ദ്രന്റെ അന്ത്യം. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ എന്ന വിപിആറിന്റെ സ്ഥാനം വലിയ സ്‌കൂപ്പുകള്‍ക്കൊപ്പമാണ്. കഠിനാധ്വാനം കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായി വളര്‍ന്ന ചരിത്രമാണ് വി പി രാമചന്ദ്രന്റേത്. പ്രസിഡന്റ് അയ്യൂബ്ഖാന്‍ പാക്കിസ്ഥാനില്‍ പട്ടാളനിയമം പ്രഖ്യാപിച്ച വാര്‍ത്ത ആദ്യമായി ലോകമറിയുന്നത് വിപിആറിലൂടെയാണ്്. ഇന്ത്യ-ചൈന യുദ്ധവും ബംഗ്ലാദേശ് പ്രശ്‌നവും വിയറ്റ്‌നാം യുദ്ധവുമെല്ലാം വിപിആര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1924 ഏപ്രില്‍ 21 ന് തൃശ്ശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം. പഠന ശേഷം മിലിറ്ററി അക്കൗണ്ട്‌സില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി ചേര്‍ന്നു. ഇതിനിടെ അന്നത്തെ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ (എപിഐ) യുടെ പുണെ ഓഫീസില്‍ ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. പിന്നീട് മുംബൈയിലെ ഹെഡ്ഓഫീസിലേക്ക് ടെലിപ്രിന്റര്‍ ഓപ്പറേറ്ററായി നിയമിച്ചു. എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് പിന്നീടുയര്‍ന്നു. എപിഐ.യുടെ സ്ഥാനത്ത് പിടിഐ. രൂപവല്‍ക്കരിക്കപ്പെട്ടപ്പോഴാണ് പത്രപ്രവര്‍ത്തകന്റെ കുപ്പായമണിയാന്‍ അവസരം ലഭിക്കുന്നത്.

1951 ലെ പൊതുതിരഞ്ഞെടുപ്പില്‍ പിടിഐയുടെ ഡല്‍ഹിയിലെ ഇലക്ഷന്‍ ഡെസ്‌ക്കിലായിരുന്നു ആദ്യ നിയമനം. 1956ലെ പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചാബിലേക്ക്് നിയമിക്കപ്പെട്ടു. ഇതിന് പിന്നാലെ ലാഹോറില്‍ വിദേശകാര്യ ലേഖകനായി. 1959 മുതല്‍ ആറുവര്‍ഷം ലാഹോറില്‍ ലേഖകനായിരുന്നു.

1964 ല്‍ പിടിഐവിട്ട് യുഎന്‍ഐയില്‍ ചേര്‍ന്നു. 1965ല്‍ യുഎന്‍ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി. 1971 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1978 ലാണ് യുഎന്‍ഐവിട്ട് മാതൃഭൂമിയില്‍ ചേരുന്നത്. എക്‌സിക്യൂട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. 1979ല്‍ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ പി കേശവമേനോന്‍ അന്തരിച്ചപ്പോള്‍ മാതൃഭൂമിയുടെ പത്രാധിപരായി. 1984ല്‍ മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു. 1989ല്‍ പ്രസ് അക്കാദമിയുടെ കോഴ്‌സ് ഡയറക്ടറായി ചേര്‍ന്നു. പിന്നീട് അക്കാദമിയുടെ ചെയര്‍മാനുമായി. ഭാര്യ: പരേതയായ ഗൗരി. മകള്‍: ലേഖ, അധ്യാപികയായിരുന്നു. മരുമകന്‍: ചന്ദ്രശേഖരന്‍

Tags:    

Similar News