ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യം; എറണാകുളത്ത് ഒരാളുടെ കൂടി ജാമ്യം റദ്ദാക്കി
നിലവില്‍ 25 പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 116 പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എറണാകുളം റൂറല്‍ ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു
കൊച്ചി: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഒരാളുടെ ജാമ്യം കൂടി എറണാകുളം റൂറല്‍ ജില്ലയില്‍ റദ്ദാക്കി. ചെറായി പുതുവേലില്‍ വീട്ടില്‍ ഷാന്‍ (ഷാന്‍ കുട്ടന്‍ 36 ) ന്റെ ജാമ്യമാണ് റദ്ദാക്കിയത്.നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് നടപടി. മുനമ്പം പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഷാന്‍ എന്ന് പോലിസ് പറഞ്ഞു. വീട് കയറി ആക്രമണം, കൊലപാതക ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരത എന്നിങ്ങനെ വിവിധ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നും പോലിസ് പറഞ്ഞു.
മുനമ്പത്തെ കൊലപാതക ശ്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഞാറക്കല്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും, പൊതുജനസമാധാന ലംഘനം നടത്തുകയും, നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ചു വരികയാണെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു. നിലവില്‍ 25 പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 116 പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എസ് പി പറഞ്ഞു.