കൊവിഡ്-19: എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു;5730 പേര്‍ നിരീക്ഷണത്തില്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്ന ആരോഗ്യ പ്രവര്‍ത്തകന് ഇന്നലെയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ എറണാകുളത്ത് 14 പേരാണ് കൊവിഡ് -19 ബാധിച്ച് ചികില്‍സയിലുള്ളത്
കൊച്ചി: എറണാകുളത്ത് ഒരാള്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5730 ആയി. ആരോഗ്യ പ്രവര്‍ത്തകനാണ് ഇന്ന് എറണാകുളത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അടക്കം നിലവില്‍ എറണാകുളത്ത് 14 പേരാണ് കൊവിഡ് -19 ബാധിച്ച് ചികില്‍സയിലുള്ളത് ഇതില്‍ 4 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, 6 പേര്‍ എറണാകുളം സ്വദേശികളും, 2 പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. ജില്ലയില്‍ കോവിഡ് രോഗം ബാധിച്ച് ചികില്‍സയിലുള്ള 37 വയസുള്ള എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവിന്റെ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് പുതിയതായി 1655 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 903 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി.നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയവരില്‍ 889 പേര്‍ വിമാനയാത്രക്കാരാണ്. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 5701 ആണ്.
ഇന്ന് പുതുതായി നാലു പേരെ കൂടി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി പ്രവേശിപ്പിച്ചു.മെഡിക്കല്‍ കോളജില്‍ മൂന്നു പേരും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളെയുമാണ് പ്രവേശിപ്പിച്ചത്.ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 29 ആയി. 38 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇന്ന് 26 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 45 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.
കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ചികില്‍സ കേന്ദ്രമാക്കിയതിനാലും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രോഗി ചികില്‍സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും ഐഎംഎ ഹൗസ്, ഐഎംജി കാക്കനാട് ഹോസ്റ്റലിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ഉള്‍പ്പെടെ ഒരു നേരം ഇരുന്നൂറ്റി അന്‍പതോളം പേര്‍ക്ക് മെന്‍സ് ഹോസ്റ്റല്‍ കിച്ചണില്‍ നിന്നും അല്ലെങ്കില്‍ കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ - 0484 2368802 / 2428077 / 0484 2424077