' ഓപ്പറേഷന്‍ വാഹിനി ' യ്ക്ക് തുടക്കം ; പെരിയാറിനെ പൂര്‍ണ്ണമായും വീണ്ടെടുക്കണമെന്ന് മന്ത്രി പി രാജീവ്
എറണാകുളം ജില്ലയുടെ കുടിവെള്ളത്തിന്റെയും ഊര്‍ജ്ജ ഉല്‍പാദനത്തിന്റെയും സമ്പദ്ഘടനയുടെയും കാര്യത്തില്‍ സവിശേഷ പ്രാധാന്യമുള്ള നദിയാണ് പെരിയാര്‍
കൊച്ചി: പെരിയാറിലെയും മുവാറ്റുപുഴയാറിലെയും കൈവഴികളുടെ എക്കലും മണലും നീക്കം ചെയ്ത് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന ' ഓപ്പറേഷന്‍ വാഹിനി ' പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പെരിയാര്‍ നദിയെ പൂര്‍ണ്ണമായ തോതില്‍ വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയുടെ കുടിവെള്ളത്തിന്റെയും ഊര്‍ജ്ജ ഉല്‍പാദനത്തിന്റെയും സമ്പദ്ഘടനയുടെയും കാര്യത്തില്‍ സവിശേഷ പ്രാധാന്യമുള്ള നദിയാണ് പെരിയാര്‍. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും നിര്‍വഹിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രണ്ടുപ്രളയങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതിരോധത്തിനായി ഏറ്റെടുക്കേണ്ടത് എന്നത് സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി റും ഫോര്‍ റിവര്‍ എന്ന കാഴ്ചപ്പാട് നമുക്ക് എങ്ങനെ പ്രായോഗികമാക്കാന്‍ കഴിയുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുകയുണ്ടായി. അതിന്റെയുംകൂടി അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ വാഹിനി എന്ന പദ്ധതിക്ക് നമ്മള്‍ നേതൃത്വം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.പലയിടങ്ങളിലും പുഴകളില്‍ പുല്ലുകള്‍ വളര്‍ന്നു തുരുത്തുകളായത് നീക്കം ചെയ്യാന്‍ ബൃഹത് പദ്ധതി നടപ്പിലാക്കണം. അതോടൊപ്പം വ്യവസായ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമല്ല ശാശ്വത പരിഹാരമാണ് വേണ്ടമെന്നും മന്ത്രി വ്യക്തമാക്കി. അതാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. വടുതലയില്‍ നീരൊഴുക്കിന് തടസം നില്‍ക്കുന്ന താല്‍ക്കാലിക ബണ്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ക്കായി സമഗ്ര പദ്ധതി ആസൂത്രണം ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.