പനങ്ങാട് ലഹരിമാഫിയക്കെതിരെ കര്‍ശന നടപടിയുമായി പോലിസ്; 10 പേര്‍ പിടിയില്‍
പനങ്ങാട്,നെട്ടൂര്‍, മരട് പ്രദേശങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിന് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി തുടങ്ങിയിട്ടുള്ളത്.കഴിഞ്ഞ ദിവസം മോഷണം, വീട് കയറി അക്രമം എന്നീ കേസുകളിലായി ലഹരി സംഘങ്ങളില്‍പ്പെട്ട പത്ത് പേരെയാണ് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്
കൊച്ചി: ലഹരി മാഫിയ സംഘം നെട്ടൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പനങ്ങാട് കേന്ദ്രീകരിച്ച് പോലീസ് ലഹരി മാഫിയക്കെതിരെ നടപടി തുടങ്ങി. പനങ്ങാട്,നെട്ടൂര്‍, മരട് പ്രദേശങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിന് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി തുടങ്ങിയിട്ടുള്ളത്.കഴിഞ്ഞ ദിവസം മോഷണം, വീട് കയറി അക്രമം എന്നീ കേസുകളിലായി ലഹരി സംഘങ്ങളില്‍പ്പെട്ട പത്ത് പേരെയാണ് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം നടത്തിയ ഏഴു പേരും, സ്ത്രീയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലു പേരുമാണ് വലയിലായത്.പിടിയിലായ സംഘത്തിലെ നെട്ടൂര്‍ സ്വദേശി താരിഖ് ഈ രണ്ടു കേസിലും പ്രതിയാണ്.
കഴിഞ്ഞ 13 ന് പനങ്ങാട് പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള കാട്ടിപ്പറമ്പ് ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയവരാണ് പിടിയിലായ ഏഴ് പേര്‍. നെട്ടൂര്‍ സ്വദേശികളായ താരിഖ് (23), അഫ്സല്‍ അബ്ദു (22),അരുണ്‍ (24), മുഹമ്മദ് ബാദുഷ (22), ഹഫീസ് (24), മുഹമ്മദ് സഹല്‍ (24), അഖില്‍ദാസ് (26) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ കഞ്ചാവ്, മയക്കുമരുന്ന് വില്‍പനക്കാരും നിരവധി കേസിലെ പ്രതികളുമാണെന്ന് പോലീസ് പറഞ്ഞു. മരട്, നെട്ടൂര്‍, കുമ്പളം ഭാഗങ്ങളിലുള്ള യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്നുകള്‍ എത്തിച്ച് കൊടുക്കുന്നവരാണ് പിടിയിലായവരെന്ന് പോലിസ് പറഞ്ഞു. താരിഖിന് സെന്‍ട്രല്‍ സ്റ്റേഷനില്‍ രണ്ട് മയക്ക് മരുന്ന് കേസും, പനങ്ങാട് സ്റ്റേഷനില്‍ വധശ്രമക്കേസും നിലവിലുണ്ട്. മയക്കുമരുന്ന് കഞ്ചാവ് വില്‍പനക്കാരുടെയും ക്രിമിനലുകളുടെയും താവളമായിരിക്കുകയാണ് പ്രദേശം.കഞ്ചാവ്, മയക്കുമരുന്ന് ലഹരി മുക്ത കൊച്ചിക്കായി ശക്തമായ നടപടികളാണ് ഐജിയുടെയും അസി.കമ്മീഷണറുടെയും മേല്‍നോട്ടത്തില്‍ തുടര്‍ന്ന് വരുന്നത്.
മാരകായുധങ്ങളുമായി വീട്ടില്‍ കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ നാലു യുവാക്കളും ഇന്നലെ പോലീസിന്റെ പരിശോധനയില്‍ പിടിയിലായി. നെട്ടൂര്‍ സ്വദേശികളായ താരിഖ് (23), മുഹമ്മദ് നബീല്‍ (23), കൊച്ചി ചുള്ളിക്കല്‍ സ്വദേശി അജ്മല്‍ (25), നെട്ടൂര്‍ സ്വദേശി അര്‍ജുന്‍ (24) എന്നിവരാണ് സ്ത്രീയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായത്. മാരകായുധങ്ങളുമായി സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും, ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്ത വധശ്രമക്കേസിലും മാരക ലഹരിമരുന്ന് കേസിലും ഉള്‍പ്പെട്ടവരാണ് പിടിയിലായ നാല്‍വര്‍ സംഘമെന്ന് പോലിസ് പറഞ്ഞു. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍, വിജയ് സാഖറെയുടെ നിര്‍ദ്ദേശപ്രകാരം ഡപ്യൂട്ടി കമ്മീഷണര്‍, ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ തൃക്കാക്കര അസി.കമ്മീഷണര്‍ ജിജിമോന്‍, പനങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എ അനന്തലാല്‍, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പനങ്ങാട് എസ്‌ഐ റിജിന്‍ എം തോമസ്, എസ് ഐ ജേക്കബ്, എ എസ് ഐ രാജേഷ്, മുരളി, സി പിഒ മഹേഷ്, ഗുജ്റാള്‍ സി ദാസ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.