കൊറിയര്‍ വഴി കഞ്ചാവ് എത്തിയ സംഭവം: അന്വേഷണത്തിന് പ്രത്യേക പോലിസ് സംഘം
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 31 കിലോ കഞ്ചാവാണ് ആന്ധ്രയില്‍ നിന്ന് കൊറിയര്‍ വഴി എത്തിയത്. മൂന്ന് വലിയ പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിയത്
കൊച്ചി: പെരുമ്പാവൂര്‍ വാഴക്കുളം കുന്നുകുഴിയില്‍ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക പോലിസംഘത്തെ നിയോഗിച്ചു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 31 കിലോ കഞ്ചാവാണ് ആന്ധ്രയില്‍ നിന്ന് കൊറിയര്‍ വഴി എത്തിയത്. മൂന്ന് വലിയ പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്‌സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്.
കൊറിയര്‍ വാങ്ങാന്‍ വന്ന മുഹമ്മദ് മുനീര്‍ (27), അര്‍ഷാദ് (35) എന്നിവരെ പോലിസ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു. കൊറിയറില്‍ രേഖപ്പെടുത്തിയിരുന്ന മേല്‍ വിലാസക്കാരനല്ല വാങ്ങാന്‍ വന്നത്. മേല്‍ വിലാസവും അതില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പറും പരിശോധിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തേ അങ്കമാലിയില്‍ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടില്‍ നിന്നും 35 കിലോഗ്രാമും കഞ്ചാവും റൂറല്‍ പോലിസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയില്‍ നിന്നും കൊണ്ടുവന്നതാണ്. അതിന്റെ അന്വേഷണം നടന്നുവരികയാണ്.ഒരുവര്‍ഷത്തിനുളളില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ മാത്രമായി 200 കിലോയോളം കഞ്ചാവാണ് പോലിസ് പിടികൂടിയതെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.