വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ് : അഞ്ച് പേര്‍ പിടിയില്‍

വല്ലം റയോണ്‍പുരം അമ്പാടന്‍ ഷംഷാദ് (44), ഇയാളുടെ ബന്ധുക്കളായ ഷിയാസ് (43), സിയാദ് (35), ഷംഷാദിന്റെ സുഹൃത്തുക്കളായ അല്ലപ്ര തുരുത്തുമാലില്‍ സിദ്ദിഖ് (33), തുരുത്തേലില്‍ അനൂപ് (32) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്

Update: 2020-12-09 04:30 GMT

കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ അഞ്ച് പേരെ എറണാകുളം റൂറല്‍ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വല്ലം റയോണ്‍പുരം അമ്പാടന്‍ ഷംഷാദ് (44), ഇയാളുടെ ബന്ധുക്കളായ അമ്പാടന്‍ വീട്ടില്‍ ഷിയാസ് (43), അമ്പാടന്‍ വീട്ടില്‍ സിയാദ് (35), ഷംഷാദിന്റെ സുഹൃത്തുക്കളായ അല്ലപ്ര തുരുത്തുമാലില്‍ സിദ്ദിഖ് (33), തുരുത്തേലില്‍ അനൂപ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അജ്മല്‍, നവാബ്, അഷറഫ്, റയിസന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മുടിക്കല്‍ സ്വദേശി ജമീറിനെയാണ് തട്ടിക്കൊണ്ടുപോയത്.

ഷംഷാദും ജമിറിന്റെ സഹോദരനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.ജമീറിനെ കാറിലെത്തിയ ഒരു സംഘം തടഞ്ഞ് നിര്‍ത്തി വല്ലത്തുള്ള ഗോഡൗണിലേക്ക് തട്ടിക്കൊണ്ടു പോകുകയും അവിടെ വച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച് കാറിലുണ്ടയിരുന്ന മൂന്നര ലക്ഷം രൂപയും സ്ഥലത്തിന്റെ ആധാരവും കവരുകയും ബലമായി ചെക്ക് ലീഫില്‍ നാലര ലക്ഷം രൂപ എഴുതി ഒപ്പിടുവിച്ച് വാങ്ങുകയും ചെയ്തുവെന്നതാണ് കേസ്. റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി വി രാജീവ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ബി നഹാദ്, പി വി ബൈജു, ബിനോയ് മാത്യു എ എസ് എ മാരായ ഇ ബി സുനില്‍ , ഷിബു ദേവരാജന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

Tags:    

Similar News